മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിൽ സബ്‌സിഡിയുള്ള സാധനങ്ങൾ സപ്ലൈകോയിൽ ലഭിക്കും; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിൽ സബ്‌സിഡിയുള്ള സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.

വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരും. മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നതിലൂടെ സപ്ലൈകോയുടെ നഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കും. ഒരു പൊതുമേഖല സ്ഥാപനവും പൂട്ടി പോകരുത് എന്നതാണ് സർക്കാർ നയം. ജനങ്ങൾക്ക് ഭാരം കൂടുതൽ അടിച്ചേൽപ്പിക്കണം എന്നതല്ല സർക്കാർ തീരുമാനം. സപ്ലൈകോയുടെ പ്രവർത്തനം മികച്ചതാകണം എന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

വിപണി വിലയിൽ വലിയ നിരക്ക് വർദ്ധനവ് ഉണ്ടാകുമ്പോൾ സപ്ലൈകോയും സർക്കാരും ആലോചിച്ച് മാത്രമേ നിരക്ക് പുനക്രമീകരിക്കൂ സപ്ലൈകോയിലെ സാധനങ്ങളുടെ വിലവർദ്ധനവിനെ കുറിച്ച ജനങ്ങളെ സർക്കാർ ബോധ്യപ്പെടുത്തും. വിപണി വിലയിൽ ഉൽപ്പന്നങ്ങൾക്ക് നിരക്ക് കുറയുമ്പോൾ സപ്ലൈ കോയിലും നിരക്ക് കുറയ്ക്കും. വിപണിയിൽ നിരക്ക് കൂടുമ്പോൾ നിരക്ക് പുനക്രമീകരിക്കുന്നത് ആലോചിച്ചു മാത്രമേ ചെയ്യൂ. വളരെ വേഗത്തിൽ സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ ഉറപ്പാക്കും. അരി വില വർധിക്കാതിരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കാമോ അതൊക്കെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

