KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ  അന്തര്‍സംസ്ഥാന സമിതി രൂപീകരിക്കും

തിരുവനന്തപുരം: വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ അന്തര്‍സംസ്ഥാന സമിതി രൂപീകരിക്കും. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ നിയമവകുപ്പും അഡ്വക്കറ്റ് ജനറലും പരിശോധിക്കും. വയനാട്ടിൽ റവന്യു, പൊലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെന്റർ കൊണ്ടുവരും. രണ്ട്‌ പുതിയ ദ്രുതപ്രതികരണ സംഘങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. വന്യമൃഗങ്ങളുടെ വിവരങ്ങൾ അറിയിക്കാൻ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. നിരീക്ഷണത്തിന് കൂടുതൽ ഉപകരണങ്ങൾ ഉടൻ സജ്ജമാക്കും.

വന്യജീവി ആക്രമണത്തിൽ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീർക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കും. വ്യാഴാഴ്ച രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ ചർച്ച നടത്തും. വനംമന്ത്രി എ കെ ശശീന്ദ്രനും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Advertisements
Share news