ചാലക്കുടി വ്യാജ എൽഎസ് ഡി കേസിൽ വഴിത്തിരിവ്; ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ പ്രതിയെ കണ്ടെത്തി

തൃശൂർ: ചാലക്കുടി വ്യാജ എൽഎസ് ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ പ്രതിയെ പൊലീസ് കണ്ടെത്തി. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയത്. കേസിൽ ഇയാളെ പ്രതി ചേർത്ത് തൃശ്ശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ഇയാളോട് ഈ മാസം എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്. വ്യാജ കേസിൽ 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കഴിഞ്ഞത്. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പ് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ജയിൽ മോചിതയായത്. 2023 ഫെബ്രുവരി 27നാണ് നോർത്ത് ജങ്ഷനിലെ ബ്യൂട്ടി പാർലറിൽ വെച്ച് എക്‌സൈസ് സംഘം ഇവരുടെ ബാഗിൽ നിന്നും 12 സ്റ്റാമ്പ് കണ്ടെടുത്തത്. തുടർന്ന് ഇവരെ റിമാൻഡ് ചെയ്‌തു.

എന്നാൽ താൻ നിരപരാധിയാണെന്നും സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷീല മുഖ്യമന്ത്രിക്ക് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണത്തിൽ പിടിച്ചെടുത്ത സ്റ്റാമ്പ് കാക്കനാട്ടെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞത്.

