ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റു വേണം; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റു വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എന്നും ആവശ്യപ്പെടുന്നതുപോലെയല്ല, വേണം എന്നുതന്നെയാണ് ആവശ്യം. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സീറ്റു വിഭജനം സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നിട്ടുണ്ട്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ലീഗിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മൂന്നാമതൊരു സീറ്റിന് മുസ്ലിം ലീഗിന് അർഹതയുണ്ട്.

കുറേ സീറ്റുകളുണ്ട്. വേണമെങ്കിൽ തരാവുന്നതേയുള്ളു. പ്രാഥമിക ചർച്ചയാണ് നടന്നത്. അല്ലാതെ സീറ്റുധാരണയായി എന്ന വാർത്തകൾ തെറ്റാണ്. മുസ്ലിം ലീഗിന്റെ കമ്മിറ്റി ചേർന്നിട്ടില്ല. പാണക്കാട് സാദിഖലി തങ്ങൾ എത്തിയ ശേഷം കമ്മിറ്റി ചേർന്ന് ചർച്ച ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കർഷകരെയും വ്യാപരികളെയും മറന്ന ബജറ്റാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുകിടക്കാരെ പാടെ മറന്നു. വൻകിട്ടകാർക്ക് മാത്രം പ്രയോജനം ചെയ്യുന്ന ബജറ്റാണിത്.

