KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് കേരളത്തിലേത്; ഹൈക്കോടതി

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പൊലീസാണ്‌ കേരളത്തിലേതെന്നും അതിനെ കൂടുതൽ മികവുറ്റതാക്കണമെന്നും ഹൈക്കോടതി. വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി പാലക്കാട് ആലത്തൂർ സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ വാക്കാൽ പരാമർശം.  

പൊതുജനങ്ങളോട്‌ ഉദ്യോഗസ്ഥർ എങ്ങനെ പെരുമാറണം എന്നതിൽ പൊലീസ്‌ മേധാവി സർക്കുലർ ഇറക്കിയതായി സർക്കാർ അറിയിച്ചു. കോടതി നിർദേശപ്രകാരം പുറപ്പെടുവിച്ച സർക്കുലറിന്റെ പകർപ്പും ഹാജരാക്കി. നല്ല പെരുമാറ്റം സംബന്ധിച്ച്‌  തുടക്കം മുതൽ പൊലീസുകാർക്ക്‌ പരിശീലനം നൽകുന്നുണ്ടെന്ന്‌ ഓൺലൈനായി ഹാജരായ ഡിജിപി വിശദീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ നടപടി എടുക്കാറുണ്ടെന്നും വ്യക്തമാക്കി. സമ്മർദവും പെട്ടെന്നുണ്ടാകുന്ന പ്രകോപനവുമാണ് ഇങ്ങനെ പെരുമാറാനിടയാക്കുന്നതെന്നും ഡിജിപി പറഞ്ഞു.

 

പൊലീസ് മേധാവി നിരന്തരം സർക്കുലറുകൾ ഇറക്കിയിട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതെന്തെന്ന് കോടതി ആരാഞ്ഞു. ഇനിയും സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ആരോപണവിധേയനായ എസ്‌ഐ വി ആർ റെനീഷ്‌ കോടതിയിൽ ഹാജരായി അഭിഭാഷക മുഖേന നിരുപാധികം മാപ്പുപറഞ്ഞു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ടി എൻ ഉണ്ണിക്കൃഷ്‌ണനും ഹാജരായി. ഹർജി മൂന്നാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.

Advertisements
Share news