സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ – വേ ബിൽ; കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ – വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിരന്തര സമ്മർദത്തിന്റെ ഫലമായാണ് സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ സംവിധാനം ഏർപ്പെടുത്തുന്നത്. രണ്ട് ലക്ഷത്തിന് മുകളിലുള്ളവയ്ക്കാകും ഇതെന്നാണ് പ്രാഥമിക വിവരം. ഇതുകൊണ്ടും പൂർണമായും പ്രശ്നം പരിഹരിക്കപ്പെടില്ല.

ജിഎസ്ടി വന്നതോടെ സ്വർണത്തിന്റെ നികുതി നിരക്ക് അഞ്ചിൽനിന്ന് മൂന്നായി കുറഞ്ഞു. ഇതിൽ ഒന്നര ശതമാനമേ സംസ്ഥാനത്തിന് ലഭിക്കൂ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുമ്പോൾ കവർച്ച ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ഇ വേ ബിൽ ഏർപ്പെടുത്താൻ കേന്ദ്രം തയ്യാറാകാത്തത്. നികുതി തട്ടിപ്പ് തടയുന്നതിന് സോഫ്റ്റ്വെയറിലടക്കം പരിഷ്കരണം വേണം. ബില്ലടിക്കുന്ന സമയത്തുതന്നെ വിവരം സോഫ്റ്റ് വെയറിൽ ലഭിക്കും വിധമുള്ള ക്രമീകരണം വേണമെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ വ്യാപാരം
നികുതി റഡാറിന്
പുറത്ത്
ഓൺലൈൻ വ്യാപാരം നികുതി റഡാറിൽ വന്നിട്ടില്ല. ഇതിന് മാറ്റം വരണം. ഐജിഎസ്ടി വിഹിതം കൃത്യമായി ലഭിക്കുന്നതിൽ പോരായ്മ നിലനിൽക്കുകയാണ്. വാറ്റ് കാലത്ത് ശരാശരി 16 ശതമാനമായിരുന്ന നികുതി ജിഎസ്ടി വന്നതോടെ 11 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇതിന്റെ ഗുണം കമ്പനികൾക്കാണ് കിട്ടിയത്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയത് ന്യായമല്ല. എന്നാൽ, ഇത് ന്യായമാണെന്ന് വാദിക്കുന്നവർ നിയമസഭയിൽ പോലുമുണ്ട്. ആഭ്യന്തര നികുതി വരുമാനം വർധിപ്പിച്ചതിനാലാണ് സംസ്ഥാനം പിടിച്ചുനിൽക്കുന്നത്.

വെട്ടിപ്പ് തടയാൻ
നിർമിത ബുദ്ധിയും
നിർമിത ബുദ്ധിയടക്കം ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അതിർത്തി ചെക്പോസ്റ്റുകളിൽ ചരക്കുവാഹനങ്ങളുടെ നമ്പർപ്ലേറ്റ് നിരീക്ഷിച്ച് നികുതി തട്ടിപ്പ് തടയാൻ നടപടിയെടുക്കും. ആഡംബര വിവാഹങ്ങൾക്ക് നികുതിയേർപ്പെടുത്തുന്ന കാര്യവും പരിശോധിക്കും. ധനകമീഷൻ നടപടി തിരിച്ചടിയാകും. ആളോഹരി വരുമാനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച ധനകമീഷൻ നടപടി സാമ്പത്തികമേഖലയ്ക്ക് പുറമെ പാർലമെന്ററി രംഗത്തടക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. 1971ലെ സെൻസസ് അനുസരിച്ചാണ് മുൻ കമീഷനുകൾ ശുപാർശ തയ്യാറാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ കമീഷൻ 2011 ആണ് അവലംബമാക്കിയത്. ഈ ജനസംഖ്യാ മാനദണ്ഡം പാർലമെന്റ് സീറ്റിന്റെ കാര്യത്തിൽ ബാധകമാക്കിയാൽ ലോക്സഭാ മണ്ഡലങ്ങൾ പന്ത്രണ്ടോ പതിമൂന്നോ ആയി ചുരുങ്ങും.

ജിഎസ്ടി: പിന്നിൽ
കോൺഗ്രസ്
കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്രസർക്കാരിന്റെ കുഞ്ഞാണ് ജിഎസ്ടി. നിയമം കൊണ്ടുവന്നതും ബിജെപിക്കൊപ്പം ചേർന്ന് പാസാക്കിയതും കോൺഗ്രസാണ്. അന്ന് രാജ്യസഭയിലുണ്ടായിരുന്ന താനും ഡി രാജയുമാണ് ആശങ്കകൾ അടിവരയിട്ട് വിയോജനക്കുറിപ്പെഴുതിയത്. സംസ്ഥാനത്തിന്റെ അവകാശമാണ് കടമെടുപ്പ്. അത് നിഷേധിച്ചാൽ ഇനിയും സമരം ചെയ്യും.

ലഭിക്കാനുള്ളതിന്റെ
പകുതി കിട്ടിയാൽ ട്രഷറി പ്രവർത്തനം സുഗമം
കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളതിന്റെ 50 ശതമാനം ലഭിച്ചാൽ ട്രഷറി പ്രവർത്തനങ്ങൾ പൂർണമായും സുഗമമാകുമെന്ന് ധനമന്ത്രി. ആസ്തി വർധന ഏറ്റവുമധികമുണ്ടായത് കേരളത്തിലാണ്. കരാറുകാർക്ക് 15000 കോടി രൂപ കുടിശ്ശികയുണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് 1021 കോടിയേ കരാറുകാർക്ക് നൽകാനുള്ളൂ.

നികുതിവെട്ടിപ്പ്:
തിരിച്ചുപിടിച്ചത്
2083.81 കോടി
നികുതിവെട്ടിപ്പ് തടയാൻ നടത്തിയ 448 പരിശോധനകളിലായി 2083.81 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രി.
21–-22 സാമ്പത്തികവർഷം 35 കേസിൽ നിന്ന് 47.58 കോടിയും, 22–-23ൽ 210 കേസിൽ നിന്ന് 445.39 കോടിയും 23–-24ൽ 210 കേസിൽ നിന്ന് 1590.84 കോടിയും ലഭിച്ചു.

കേന്ദ്രം
ഇല്ലാതാക്കിയത്
3000 കോടി
ബ്രാൻഡിങ് പാലിച്ചില്ലെന്ന കാരണമുയർത്തി കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് പണം അനുവദിക്കാത്ത കേന്ദ്രസർക്കാർ 3000 കോടി രൂപയുടെ പലിശരഹിത വായ്പാസഹായം ഇല്ലാതാക്കി. മൂലധന ചെലവുകൾക്ക് പ്രത്യേക സഹായ പദ്ധതിയുടെ വിവിധ ഭാഗങ്ങളിലായി അനുവദിക്കേണ്ട ഒരു തുകയും നടപ്പുവർഷം അനുവദിച്ചിട്ടില്ല.
കുടിശ്ശിക തീർക്കാൻ അവസരം
തിരുവനന്തപുരം > കെഎസ്എഫ്ഇ ചിട്ടി മുടങ്ങിയവർക്കും ലോൺ തിരിച്ചടവിൽ മുടക്കം വന്നവർക്കും കുടിശ്ശിക തീർക്കാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കും. ഡിസംബർ 31ന് മുമ്പ് കുടിശ്ശികയായി മാറിയ ചിട്ടികൾക്കായി പ്രത്യേക പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
