ലോട്ടറിയിൽനിന്നുള്ള വരുമാനം പൊതുജന ക്ഷേമത്തിന്; മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: ലോട്ടറിയിൽനിന്നുള്ള വരുമാനം പൊതുജന ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സർക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന നിലയിൽ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേക്കുതന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്. ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാർഗമാണ്. അതിനാൽ, ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശിപ്പിക്കലും ക്രിസ്‌മസ്-– -പുതുവത്സര ബമ്പർ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.

സമ്മാനത്തുകയും സമ്മാനങ്ങളും വർധിപ്പിച്ചു. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയർത്തി. മുൻവർഷം 16 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായ 20 കോടിക്കു പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും. ഇതോടെ 21 കോടീശ്വരന്മാരെയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. നികുതി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലോട്ടറി ജോയിന്റ് ഡയറക്ടർമാരായ മായാ എൻ പിള്ള, രാജ് കപൂർ എന്നിവരും പങ്കെടുത്തു.

സമ്മർ ബമ്പർ:
ഒന്നാം സമ്മാനം 10 കോടി
സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ബ്ലോഅപ് ചലച്ചിത്രതാരം സോനാ നായർക്ക് നൽകി മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശിപ്പിച്ചു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപവീതം ഓരോ പരമ്പരയിലും രണ്ടു വീതം ടിക്കറ്റുകൾക്ക് ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിന് നൽകും. 5000, 2000, 1000, 500 എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് മാർച്ച് 27ന്.

