KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സത്യങ്ങൾ എന്താണെന്ന് തുറന്നു പറയാനുള്ള ആർജവം എഴുത്തുകാർക്ക് ഉണ്ടാകണം; കവി കുരീപ്പുഴ ശ്രീകുമാർ

തിരുവനന്തപുരം: രാമൻ എന്താണെന്നും നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സത്യങ്ങൾ എന്താണെന്നും തുറന്നു പറയാനുള്ള ആർജവം എഴുത്തുകാർക്ക് ഉണ്ടാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. പുതിയ എഴുത്തുകാർ മനുഷ്യപക്ഷത്തുനിന്ന് കാര്യത്തെ നോക്കിക്കാണുന്നവരാണെന്നും മനുഷ്യപക്ഷത്തു നിൽക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി എഴുത്തുകാർ കാണേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. 

വാല്മീകിയുടെ രാമൻ എന്താണെന്ന് മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്. വാല്മീകിയുടെ ശ്രീരാമൻ ഇപ്പോൾ വോട്ട് രാമനായി മാറിയിരിക്കുകയാണ്. ഇത് തുടർന്നു പോകുന്നത് വളരെ അപകടം ഉണ്ടാക്കും. ഇത് സാധ്യമാകുന്ന മാർ​ഗങ്ങളിലൂടെയെല്ലാം ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കണം. വോട്ടുരാമനെ വെച്ച് അധികാരത്തിലേറാമെന്ന വിശ്വാസമാണ് ബിജെപിക്ക്. ഹിന്ദുമത രാഷ്ട്രീയക്കാരുടെ നിലവിലെ ആയുധമാണ് രാമൻ. നാളെ മധുരയിൽ ഇത് കൃഷ്ണൻ ആയേക്കാം. കേരളത്തിലെ എഴുത്തുകാർ വളരെ ശക്തമായി തന്നെ ഇതിൽ പ്രതികരിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നതെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. 

 

എന്താണ് അയോധ്യയിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്ന് കൂടെ നോക്കിക്കാണേണ്ടത് ആവശ്യമാണ്. മറ്റ് മത വിഭാ​ഗങ്ങളെയെല്ലാം പുറത്താക്കി അയോധ്യയെ ഹിന്ദുമതത്തിന്റെ മാത്രമാക്കി തീർക്കും. ഒരു ചരിത്രകാരനു പോലും നാളെ അയോധ്യയിൽ പ്രവേശിക്കാൻ സാധിക്കാതെയാകും. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും ഇതിനടകം തന്നെ അങ്ങനെയായിട്ടുണ്ട്.

Advertisements

 

മത്സ്യ മാംസാദികൾ വിൽക്കാനോ സൂക്ഷിക്കാനോ കഴിക്കാനോ സാധിക്കാത്ത അവസ്ഥയിലേക്ക് വന്നിട്ടുണ്ട്. വരാൻ പോകുന്ന വലിയ അപകടങ്ങളുടെ സൂചനയാണ് ഇതൊക്കെ. ഈ അവസരങ്ങളിൽ എഴുത്തുകാരൻ മനുഷ്യപക്ഷത്തുനിന്നാണ് സംസാരിക്കേണ്ടത്. മനുഷ്യനെ രക്ഷിക്കാനെന്ന വ്യാജേനയാണ് ഇവിടെ രാമസങ്കൽപ്പത്തെ ഉപയോ​ഗിക്കുന്നത്. ചടങ്ങിന് പോകില്ല എന്ന് ഉറപ്പുള്ള തീരുമാനമെടുത്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്.

 

അതേ സമയം മറ്റൊരു പ്രധാന കക്ഷിയിലെ നേതാക്കൾ പറ‍ഞ്ഞത് വിളിച്ചില്ലെങ്കിലും ഞങ്ങൾ പോകുമെന്നാണ്. 2 സംസ്ഥാനം ഭരിക്കുന്ന ആംആദ്മിക്കും ഇതേ നിലപാടാണ്. രാമക്ഷേത്ര ചടങ്ങുകൾക്ക് പൂർണ പിന്തുണ നൽകുകയാണ് പല വലതുപക്ഷ മാധ്യമങ്ങളും. അക്ഷതം നൽകുന്നതു പോലെയുള്ള കാര്യങ്ങളെ ജനങ്ങൾ പൂർണമായി മനസിലാക്കണമെന്നില്ല. കുരീപ്പുഴ പറഞ്ഞു.

Share news