KOYILANDY DIARY.COM

The Perfect News Portal

വയോജന കേന്ദ്രത്തനടുത്ത് മാലിന്യ സംഭരണ കേന്ദ്രം: ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്

കൊയിലാണ്ടി: വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിച്ചെന്നാരോപിച്ച് ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്. പഞ്ചായത്ത് ഉപരോധിച്ച ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ വാർഡ് മെമ്പറുടേയും പഞ്ചായത്ത് സെക്രട്ടറിയുകയും കോലം കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാലാം വാർഡിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കച്ചേരിപ്പാറയിലാണ് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിച്ചത്. ഭക്ഷണ നിർമാണ യൂണിറ്റ് തുടങ്ങുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിർമ്മാണം തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. വീട് നിർമ്മാണത്തിന് നാല് ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സ്ഥാനത്ത് 14 ലക്ഷം രൂപ ചെലവാക്കി കെട്ടിടം നിർമ്മിച്ചതിലും ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിച്ചു.
പഞ്ചായത്തിലെ നിർമ്മാണ പ്രവർത്തികൾ ബന്ധപ്പെട്ട വാർഡിന്റെ ഗ്രാമസഭകളിൽ പൊതു ചർച്ചയ്ക്ക് വെക്കണം. അത്തരം പദ്ധതികൾ എവിടെ തുടങ്ങണം, ഏത് പ്രോജക്ട്‌റ്റ് വേണം, അതിന്റെ എസ്റ്റിമേറ്റ് തുടങ്ങിയ കാര്യങ്ങൾ ഗ്രാമസഭയിൽ വെച്ചാണ് തീരുമാനിക്കുന്നത്. എന്നാൽ അയൽക്കൂട്ടത്തിലോ ഗ്രാമസഭയിലോ അറിയിക്കാതെ 2021ലാണ് മാലിന്യ സംഭരണ കേന്ദ്രത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. ഈ വർഷം ബോർഡ് സ്ഥാപിച്ചപ്പോഴാണ്‌ വിവരമറിഞ്ഞതെന്നും ജനകീയ കൂട്ടായ്മ പറയുന്നു. 
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും മുഴുവൻ 
അജൈവ മാലിന്യങ്ങളും കച്ചേരിപ്പാറയിലെ ഈ കേന്ദ്രത്തിൽ നിക്ഷേപിക്കാനാണ് നീക്കം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിച്ച പാഴ് വസ്തുകൾ ഇവിടെ ആയിരിക്കും നിക്ഷേപിക്കുക. പഞ്ചായത്തിൻ്റെ നീക്കം തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയോജനങ്ങളും പറഞ്ഞു. സ്ത്രീകളും പുരുഷൻമാരുമടക്കം 25 ലേറെ പേരാണ് പകൽ വീടായി ഇവിടെ തങ്ങുന്നത്. അനുബന്ധ സൗകര്യങ്ങളുടെ കുറവ് കാരണം വീർപ്പുമുട്ടുന്ന വയോജന കേന്ദ്രത്തെ മാലിന്യം കൂടി തള്ളി വീർപ്പുമുട്ടിക്കരുത് എന്നാണ് വൃദ്ധജനങ്ങളുടെ അപേക്ഷ. രണ്ട് കെട്ടിടങ്ങൾ തമ്മിൽ രണ്ട് മീറ്റർ പോലും അകലമില്ലാതെ നിർമ്മിച്ചത് പോലും തെറ്റാണ്. മാലിന്യം കുന്നുകൂടുന്നതോടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇഴജന്തു ശല്യവും വർധിക്കുമെന്നും അന്തേവാസികൾ പറയുന്നു.
ജനകീയ കമ്മിറ്റി പ്രസിഡന്റ് ഷിജി മേലൂർ അധ്യക്ഷത വഹിച്ച പഞ്ചായത്ത് ഉപരോധം എൻ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗോപി ചെറുവാട്ട് സ്വാഗതം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ അനിരുദ്ധൻ ചെങ്ങോട്ടുകാവ് ആശംസ അർപ്പിച്ചു. റെനി കച്ചേരിപ്പാറ (ജനകീയ കമ്മിറ്റി സെക്രട്ടറി ) സുബീഷ് തട്ടാരി (ചാലഞ്ചേഴ്സ് കച്ചേരിപ്പാറ ക്ലബ് സെക്രട്ടറി) പ്രശോഭ് കച്ചേരിപ്പാറ, രാജേന്ദ്രൻ മാസ്റ്റർ, സാവിത്രി അമ്മ (സീനിയർ സിറ്റിസൺ ചെങ്ങോട്ടുകാവ്) എന്നിവർ സംസാരിച്ചു. അഡ്വ: അനൂപ് കൊണ്ടംവള്ളിയുടെ നേതൃത്വത്തിലാണ് സമരസമിതി രൂപീകരിച്ചത്.
Share news