സംസ്ഥാനങ്ങളെ വരുതിയിലാക്കാൻ ഫണ്ടുകൾ വെട്ടിക്കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തി, മോദിക്കെതിരെ ഉന്നത സാമ്പത്തിക വിദഗ്ധന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ
കൊച്ചി: സംസ്ഥാനങ്ങൾക്ക് അർഹമായ ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാർ ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പക്ഷെ രാജ്യത്തിൻ്റെ ഫെഡറലിസവും ജനാധിപത്യവും തകർക്കാനുള്ള ഏകാധിപത്യ പ്രവണമായ നീക്കം തടയപ്പെട്ടു. എന്നിട്ടും പലമാർഗ്ഗങ്ങളിൽ സർക്കാർ ശ്രമം തുടർന്നു. ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം പരസ്യമായി പറയാൻ തയാറായതോടെ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ സാവധാനം ഞെരിച്ച് ഇല്ലാതാക്കാനുള്ള രഹസ്യ പദ്ധതി പുറത്തായി.

പ്രധാനമന്ത്രിയും നീതി ആയോഗ് ചെയർമാൻ വൈ വി റെഡ്ഡിയും ഒന്നിച്ച് സംസ്ഥാനങ്ങളെ സാമ്പത്തിക വിധേയത്വത്തിലേക്ക് കൊണ്ടു വരാനായി നടത്തിയ പരോക്ഷ നീക്കങ്ങൾ അതേ ഉദ്യോഗസ്ഥ സംവിധാനത്തിൽ നിന്നു തന്നെയാണ് പുറത്തു വന്നത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിവിആർ സുബ്രഹ്മണ്യം രാജ്യത്തോടുള്ള തൻ്റെ യഥാർത്ഥ സ്നേഹം മുൻനിർത്തി പൊതു വേദിയിൽ തന്നെ ഇക്കാര്യം തുറന്നടിക്കുകയായിരുന്നു.


സാമ്പത്തിക ആസൂത്രണ രംഗത്തെ തിങ്ക് ടാങ്ക് ആയി അറിയപ്പെടുന്ന എൻജിഒ ആയ സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിംഗിനെക്കുറിച്ചുള്ള ഈ സെമിനാറിൽ പാനൽലിസ്റ്റായി സംസാരിക്കവെയാണ് സുബ്രഹ്മണ്യം ജനാധപത്യ വാദികളെ ഞെട്ടിച്ച വിവരങ്ങൾ തുറന്നടിച്ചത്.


നീതി ആയോഗ് എന്ന ഉന്നത സർക്കാർ സംവിധാനത്തിൻ്റെ നിലവിലെ സിഇഒ ആണ് സുബ്രഹ്മണ്യം. പദവിയിൽ ഇരിക്കെ തന്നെയാണ് ഭവിഷ്യത്തുകൾ കണക്കാക്കാത്ത തുറന്നു പറച്ചിൽ ഉണ്ടായത്. ദേശീയ ബജറ്റ് രൂപീകരണ വേളയിൽ നടന്ന രഹസ്യ സാമ്പത്തിക ചർച്ചകളും കരുനീക്കങ്ങളുമടക്കമുള്ള വിവരങ്ങൾ സുബ്രഹ്മണ്യം പുറത്തു പറഞ്ഞു. ഇതാദ്യമായാണ് സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികം ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയടക്കമുള്ള ഉദ്യോഗസ്ഥർ തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി തുറന്നടിക്കുന്നത്.

