KOYILANDY DIARY.COM

The Perfect News Portal

തൃശൂർ കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; നാല് പേർക്ക് പരിക്ക്

തൃശൂർ കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്കേറ്റു. ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആന ഇടയുന്നത്. ആന ഇടഞ്ഞതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. ആളുകൾ കൂട്ടമായതോടുകൂടി പലരും താഴെ വീഴുകയും ചവിട്ടേറ്റും പരിക്കേൽക്കുകയായിരുന്നു.

അതേസമയം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. അവിടെ കട നടത്തിയിരുന്ന കാക്കാശേരി സ്വദേശി അഷറഫിന് മാത്രം എട്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കേച്ചേരി സ്വദേശിയായ ബഷീറിന് നാല് ലക്ഷം രൂപയുടെയും വേലായുധൻ എന്നയാൾക്ക് 15000 രൂപയുടെയും നാശനഷ്ടമുണ്ടായി. ക്ഷേത്തിന് സമീപം സ്ഥാപിച്ചിരുന്ന നിരവധി സ്റ്റാളുകൾ തകർന്നു. പരുക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share news