KOYILANDY DIARY.COM

The Perfect News Portal

വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി; അഞ്ച് പേര്‍ അറസ്റ്റിൽ

കൊച്ചി: വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് (എന്‍ സി ബി) ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. ചിറ്റൂര്‍ റോഡിലുള്ള വിദേശ പോസ്റ്റലുകള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്.

ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോണ്‍, എബിന്‍ ഇവരുടെ പേരിലാണ് വിദേശത്തുനിന്ന് ലഹരി പാഴ്‌സല്‍ വന്നത്. പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാര്‍ത്ഥം പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചി, കാക്കനാട്, ആലുവ, എരൂര്‍ എന്നിവിടങ്ങളില്‍ എന്‍.സി.ബി. നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ അറസ്റ്റിലായത്. മുന്നൂറ് ലഹരി സ്റ്റാമ്പുകള്‍ ഇവരില്‍നിന്ന് പിടികൂടി.

ജര്‍മ്മനിയടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്നാണ് പോസ്റ്റല്‍ വഴി ലഹരി ഇറക്കുമതി ചെയ്തത്. സംഘം കൊച്ചി നഗരത്തിലും പരിസരങ്ങളിലും വ്യാപകമായി ലഹരി സ്റ്റാമ്പ് വിതരണം ചെയ്തുവെന്നാണ് വിവരം. സംഘം നേരത്തേയും വിദേശത്തുനിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പോസ്റ്റലായും കൊറിയറായുമെല്ലാം അയച്ച് കൊച്ചിയിലേക്ക് ലഹരിവസ്തുക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത്തരത്തില്‍ വിദേശത്തുനിന്ന് ലഹരി ഇറക്കുമതി ചെയ്യുന്ന സംഘത്തെ സമീപകാലത്ത് പിടികൂടുന്നത് ആദ്യമായാണ്. രാത്രി വൈകി പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്താനാണ് എന്‍.സി.ബിയുടെ തീരുമാനം.

Advertisements
Share news