ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു ആക്രമണം. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്. ആറ് കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയിൽ ഇറങ്ങിയത്.

പരിക്കേറ്റ പരിമളത്തെ ഉടൻ തന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം മൂന്നാറിൽ പടയപ്പ ഇറങ്ങി ആക്രമണം നടത്തിയിരുന്നു. കമ്മിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. അർദ്ധരാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന, കൃഷികൾ നശിപ്പിച്ചു. കുറച്ച് ദിവസങ്ങളായി പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവമുണ്ടായിരുന്നു. ജാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലൻ ദേവിയുടെയും മകൾ നാൻസിയാണ് മരിച്ചത്. അങ്കണവാടിയിൽ നിന്ന് വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്ന് കുട്ടിയെ പുലി തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ ഇന്നലെ ഹർത്താലിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നതിനാൽ നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതവും സ്തംഭിച്ചിരുന്നു.

