വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റു. ശനിയാഴ്ച രാവിലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചാണ് കേസില്‍ വെറുതെ വിട്ട അര്‍ജുന്റെ ബന്ധു കുത്തിയതായി സംശയിക്കുന്നത്. പരിക്ക് ഗുരുതരമല്ല. ഇരുവരെയും വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കേസില്‍ കട്ടപ്പന അതിവേഗ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വ്യാഴാഴ്ച തന്നെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ബുധനാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനൊപ്പം കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. എല്ലാ നിയമ സഹായവും ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രി ഡിജിപിക്കും അറ്റോര്‍ണി ജനറലിനും നിര്‍ദേശം നല്‍കി.


തുടര്‍ന്ന് ഏറ്റവും നല്ല അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനിടെയാണ് അര്‍ജുന്റെ ബന്ധു കരുതിക്കൂട്ടി ആക്രമണം നടത്തിയതായി സംശയിക്കുന്നത്.

