എഐടിയുസിയുടെ 18 -ാംസംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

കൊച്ചി: എഐടിയുസിയുടെ 18 -ാംസംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 9.30ന് പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം ഡബ്ല്യുഎഫ്ടിയു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ സംസ്ഥാന കൗൺസിലിനെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ചയും തുടർന്നു. സമ്മേളന സുവനീർ മന്ത്രി ജി ആർ അനിലിന് കൈമാറി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പ്രകാശിപ്പിച്ചു. കെഎസ്ആർടിസിയെ ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന മോഡലിൽ സർക്കാർ ഏറ്റെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള സെസ് തദ്ദേശസ്ഥാപനങ്ങൾവഴി പിരിച്ചെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ, മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, കിസാൻസഭ സംസ്ഥാന പ്രസിഡണ്ട് വി ചാമുണ്ണി, എഐബിഇഎ ജനറൽ സെക്രട്ടറി ബി രാംപ്രകാശ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, കെ പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

