KOYILANDY DIARY.COM

The Perfect News Portal

അയോധ്യയിൽ ക്ഷേത്ര പ്രതിഷ്‌ഠ ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി പോകുന്നത് ഭരണഘടന തത്വം ലംഘിച്ച്; എളമരം കരീം

തിരുവനന്തപുരം: അയോധ്യയിൽ ക്ഷേത്ര പ്രതിഷ്‌ഠ ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി പോകുന്നത് ഭരണഘടന തത്വം ലംഘിച്ചാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി. മതാചാരപ്രകാരം ആചാര്യന്മാരാണ്‌ പ്രതിഷ്‌ഠ നടത്തേണ്ടത്‌. നരേന്ദ്രമോദി ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്‌. മതനിരപേക്ഷത ഭരണഘടനയിലെ തത്വമാണ്‌.

അത്‌ ലംഘിച്ചാണ്‌ അയോധ്യയിൽ പ്രധാനമന്ത്രി പോകുന്നത്‌. അടുത്ത തെരഞ്ഞെടുപ്പിന്‌ രാഷ്‌ട്രീയ പ്രചാരണത്തിനുവേണ്ടിയാണിത്‌. മതത്തെയും ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും രാഷ്‌ട്രീയ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന നികൃഷ്‌ടമായ നിലപാടാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തൊഴിലാളികളുടെ സെക്രട്ടറിയറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം. 

 

ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച്‌ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നുള്ള ശ്രമമാണ്‌ ബിജെപി നടത്തുന്നത്‌. 2019ൽ 37 ശതമാനം വോട്ടുകൾമാത്രമാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌. അവസാനം നടന്ന നാലുസംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികൾക്ക്‌ ലഭിച്ച വോട്ട്‌ നോക്കിയാൽ  ബിജെപി സഖ്യം പുറകിലാണ്‌. മതനിരപേക്ഷ പ്രതിപക്ഷ പാർടികൾ ഒന്നിച്ചുനിന്നാൽ, വോട്ടുകൾ ഐക്യപ്പെടുത്തിയാൽ അത്ഭുകരമായ മാറ്റം അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പറ്റും. അതിന്‌ തൊഴിലാളികളാണ്‌ മുന്നിൽ നിൽക്കേണ്ടത്‌. മതനിരപേക്ഷതയില്ലെങ്കിൽ തൊഴിലാളി ഐക്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news