KOYILANDY DIARY.COM

The Perfect News Portal

ഗവർണർ ബിജെപിക്കും കോൺഗ്രസിനുമിടയിലെ പാലമായാണ്‌ പ്രവർത്തിക്കുന്നത്; പി ജയരാജൻ

കോഴിക്കോട്‌: ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാൻ ബിജെപിക്കും കോൺഗ്രസിനുമിടയിലെ പാലമായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ പി ജിബിൻ അനുസ്‌മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഗവർണർ പദവി കൊളോണിയൽ ശേഷിപ്പോ അനിവാര്യതയോ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൃതു ഹിന്ദുത്വം കോൺഗ്രസിന്റെ തുടക്കം മുതലുള്ള നയമാണ്‌. മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെതിരെ അന്നത്തെ കെപിസിസി പ്രസിഡണ്ട് തന്നെ സമരം നയിച്ചിട്ടുണ്ട്‌. ആ പ്രസിഡണ്ടിൽ നിന്നും ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ കാവൽ നിന്നെന്ന്‌ പറയുന്ന ഇന്നത്തെ പ്രസിഡണ്ടിലേക്ക്‌ വലിയ ദൂരമില്ല. ഗവർണർ നൽകിയ പട്ടികയിൽ യുഡിഎഫുകാരും ഇടംപിടച്ചത്‌ ശ്രദ്ധേയമാണ്‌. അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിലെ അപകടം തിരിച്ചറിയാൻ അവർക്ക്‌ ഇനിയും സാധിച്ചിട്ടില്ല. 

 

ഗവർണറുടെ അധികാരം സംബന്ധിച്ച്‌ ഭരണഘടനാ നിർമാണ വേളയിൽ തന്നെ അസന്ദിഗ്‌ധമായി ബി ആർ അംബേദ്‌കർ വ്യക്തമാക്കിയിട്ടുണ്ട്‌. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശങ്ങൾ നടപ്പാക്കുകയാണ്‌ അദ്ദേഹത്തിന്റെ കടമ. നിരവധി സുപ്രീംകോടതി വിധികളിൽ ഇത്‌ അടിവരയിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നിട്ടും ബ്രിട്ടീഷ്‌ ഭരണകാലത്തെ പ്രൊവിഷണൽ ഗവർണറെപ്പോലെയാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പെരുമാറുന്നത്‌.  

Advertisements

 

ബിജെപിക്കുവേണ്ടി വിഡ്‌ഢി വേഷം കെട്ടുകയാണ്. സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനന്തമായി തടഞ്ഞുവെക്കുന്നു. ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ പി വി ജീജോ സംസാരിച്ചു. സജീവൻ കല്ലേരി സ്വാഗതവും എസ്‌ ശ്രീശാന്ത്‌ നന്ദിയും പറഞ്ഞു.

Share news