ശിവഗിരി തീർത്ഥാടനം ഇന്ന് സമാപിക്കും

വർക്കല: 91-ാമത് ശിവഗിരി തീർത്ഥാടനം തിങ്കളാഴ്ച സമാപിക്കും. രാവിലെ ശിവഗിരി ശാരദാമഠത്തിൽനിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും. തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകം നടക്കും. 10ന് “സംഘടിത പ്രസ്ഥാനങ്ങൾ – നേട്ടങ്ങളും കോട്ടങ്ങളും’ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

പകൽ രണ്ടിന് “ഗുരുദേവ കൃതികളിലെ കാവ്യാത്മകത’ സമ്മേളനം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവർമ്മ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന തീർത്ഥാടന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അധ്യക്ഷനാകും.

പതിനായിരങ്ങളുടെ പീതയാത്ര
91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിലെ പ്രധാന ചടങ്ങായ തീര്‍ത്ഥാടക ഘോഷയാത്രയിൽ പങ്കെടുത്ത് പതിനായിരങ്ങൾ. പ്രാർത്ഥനകൾക്കും പൂജകൾക്കുംശേഷം ഗുരുസമാധിയിൽനിന്ന് പുറപ്പെട്ട അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നെത്തിയവർ അകമ്പടിയായി.

അപൂര്‍വമായാണ് ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്തെത്തിക്കുക. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമിമാരായ ശാരദാനന്ദ, ഋതംഭരാനന്ദ, അസംഗാനന്ദ ഗിരി, വിശാലാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ മഹാസമാധിയില്‍നിന്ന് എഴുന്നള്ളിച്ച ഗുരുദേവ റിക്ഷ ഘോഷയാത്ര ശിവഗിരി, മൈതാനം റെയില്‍വേ സ്റ്റേഷന് മുന്നിലെത്തി തിരികെ മഹാസമാധിയില്‍ സമാപിച്ചു.

സേവനം യുഎഇ ഗുരുദേവ സൊസൈറ്റി ബഹറിന്‍, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹ്‌റിന്‍, കുവൈറ്റ് സാരഥി എന്നിവിടങ്ങളില്‍നിന്നുള്ള ധര്‍മപതാകകള്‍ ഘോഷയാത്രയിലുണ്ടായിരുന്നു. എല്ലാ ജില്ലകളില്‍നിന്നുള്ള തീർത്ഥാടകർക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും യുഎഇ, ബഹ്‌റിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നും തീര്‍ത്ഥാടകരെത്തി.
പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധി പീഠത്തിലും നടന്ന പ്രത്യേക പൂജകൾക്കുശേഷമായിരുന്നു ഘോഷയാത്ര. ശിവഗിരി തീർഥാടന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ധർമസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. “ഗുരുചര്യ- തമിഴ് കന്നട ദേശങ്ങളിൽ’ എന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
