രാജ്യം തലകുനിച്ചു; വിനേഷ് ഫോഗട്ട് ഖേൽരത്നയടക്കം മോദിയുടെ ഓഫീസിനുമുന്നിൽ ഉപേക്ഷിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ യശസ്സ് ലോകത്തോളം ഉയർത്തിയ അഭിമാനതാരം വിനേഷ് ഫോഗട്ട്, തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ചു. നിരന്തരം അപമാനിക്കപ്പെട്ടതോടെയാണ് തീരുമാനം. വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡണ്ടുമായ ബ്രിജ്ഭൂഷണിനെതിരെ തുടങ്ങിയ സമരത്തെ കേന്ദ്രസർക്കാർ തന്നെ പരാജയപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണിത്. രാജ്യത്തിന്റെ വീരപുത്രി സ്വന്തം ജീവിതംകൊണ്ട് നേടിയെടുത്ത പുരസ്കാരങ്ങളും മെഡലുകളും മോഡിയുടെ ഓഫീസിന് മുമ്പിലെ തെരുവിൽ ഉപേക്ഷിച്ചപ്പോൾ ഇന്ത്യ അപമാനംകൊണ്ടു തലകുനിച്ചു.

സഹതാരങ്ങൾക്കൊപ്പം ശനി വൈകിട്ട് ആറോടെ പിഎംഒയിലേക്ക് നീങ്ങിയ വിനേഷിനെ പൊലീസ് തടഞ്ഞു. ഇതോടെ കർത്തവ്യ പഥിൽ ചുവന്ന തുണിവിരിച്ച് ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഉപേക്ഷിച്ച് മടങ്ങി. കൂടുതലായി ഒന്നും പറയാനില്ലെന്നും തനിക്ക് പറയാനുള്ളതെല്ലാം പ്രധാനമന്ത്രിക്ക് നേരത്തേ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വിനേഷ് പറഞ്ഞു.


‘‘ഒരു കായികതാരത്തിന്റെ ജീവിതത്തിലും ഇതുപോലൊരു ദിവസം ഉണ്ടാകരുത്. ജീവനേക്കാൾ വിലപ്പെട്ട പുരസ്ക്കാരങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നത് അത്യന്തം വേദനാജനകമാണ്. രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ ഇന്ന് ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്’’–- പ്രധാനമന്ത്രി ഓഫീസിന് മീറ്ററുകൾ മാത്രമകലെ കർത്തവ്യ പഥിൽ പുരസ്കാരങ്ങൾ ഉപേക്ഷിച്ച വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് സഹതാരം ബജ്റംഗ് പുനിയ സമൂഹ മാധ്യമത്തിൽ കുറിച്ചു. രണ്ട് ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലം, കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് തവണ ചാമ്പ്യൻ തുടങ്ങിയ നേട്ടങ്ങളുടെ അവകാശിയാണ് വിനേഷ്.


ഗുസ്തി സമരം അവസാനിപ്പിക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർ നൽകിയ ഉറപ്പുകൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് താരങ്ങൾ കടുത്ത നടപടികളിലേക്ക് കടന്നത്. ബ്രിജ്ഭൂഷണിന്റെ കുടുംബാംഗങ്ങളെയോ അടുപ്പക്കാരെയോ ഫെഡറേഷനിൽ അടുപ്പിക്കില്ല എന്നതായിരുന്നു പ്രധാന വാഗ്ദാനം. എന്നാൽ, അടുത്ത കൂട്ടാളിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുപിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മലിക് ഗുസ്തി അവസാനിപ്പിച്ചു. ബജ്റംഗ് പുനിയ പത്മശ്രീ പുരസ്കാരം കർത്തവ്യ പഥിലെ വഴിയരികിൽ ഉപേക്ഷിച്ചു. മറ്റൊരു താരം വിരേന്ദർ സിങ് പത്മശ്രീ തിരിച്ചുനൽകുമെന്നും പ്രഖ്യാപിച്ചു.

പ്രതിഷേധം കനത്തതോടെ മുഖംരക്ഷിക്കാനായി സഞ്ജയ് സിങ്ങിന്റെ പുതിയ ഭരണസമിതി കേന്ദ്രകായിക മന്ത്രാലയം സസ്പെൻഡ് ചെയ്തെങ്കിലും പിരിച്ചുവിടാൻ തയ്യാറായില്ല. കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചെങ്കിലും താരങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്ന വനിതാ അധ്യക്ഷയെന്ന ആവശ്യം സ്വപ്നമായി അവശേഷിച്ചു. നിലവിൽ പൊലീസ് സമർപ്പിച്ച ദുർബല കുറ്റപത്രത്തിൽ ബ്രിജ്ഭൂഷൺ ശിക്ഷിക്കപ്പെടില്ലെന്ന വിലയിരുത്തൽ ശക്തമായിരിക്കെയാണ് രണ്ടാംഘട്ട പ്രതിഷേധമെന്ന നിലയിൽ താരങ്ങൾ പുരസ്കാരങ്ങൾ ഉപേക്ഷിക്കുന്നത്.
പ്രധാനമന്ത്രിക്ക്,
2016-ൽ സാക്ഷി മലിക് ഒളിമ്പിക് മെഡൽ നേടി. താങ്കളുടെ സർക്കാർ സാക്ഷിയെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറാക്കി. ഇന്ന് സാക്ഷി എവിടെയാണ്. ഞാൻ 2016 വീണ്ടും ഓർക്കുന്നു. സർക്കാർ പരസ്യത്തിനുവേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങൾ. സാക്ഷിയുടെ കരിയർ അവസാനിച്ചിരിക്കുന്നു. ഇനി അത്തരം പരസ്യ ബോർഡുകൾക്ക് പ്രസക്തിയില്ല.-
താങ്കളുടെ സർക്കാർ രാജ്യത്തെ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്നുവെന്ന് കരുതി. ഞങ്ങൾ സമരം നടത്തിയപ്പോഴും ബ്രിജ്ഭൂഷൺ തന്റെ ആധിപത്യം നിലനിർത്തി. അയാൾ മാധ്യമങ്ങളോട് നടത്തുന്ന പ്രസ്താവന കേൾക്കാൻ അഞ്ച് മിനിറ്റ് മാറ്റിവയ്ക്കുക. അയാൾ എന്താണ് ചെയ്തതെന്ന് താങ്കൾക്കറിയാം. താരങ്ങളെ അപമാനിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയിട്ടില്ല. അനേകം താരങ്ങളുടെ കരിയർ നശിപ്പിച്ചിട്ടുണ്ട്.
ഇതെല്ലാം മറക്കാൻ ഒരുപാട് തവണ ശ്രമിച്ചു. താങ്കളെ കണ്ടപ്പോൾ എല്ലാക്കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഒരു വർഷമായി ഞങ്ങൾ നീതിക്കുവേണ്ടി പോരാടുകയാണ്. ആരും ഞങ്ങളെ കേൾക്കുന്നില്ല. ഈ അവാർഡുകൾക്ക് ഞങ്ങളുടെ ജീവനേക്കാൾ വിലയുണ്ട്. ഞങ്ങൾ അവാർഡ് നേടിയപ്പോൾ രാജ്യം സന്തോഷിച്ചു. നീതിക്കായി പോരാടിയപ്പോൾ ഞങ്ങൾ രാജ്യദ്രോഹികളായി. ഞങ്ങൾ രാജ്യദ്രോഹികളാണോയെന്ന് പ്രധാനമന്ത്രി പറയണം. ബജ്റംഗ് പത്മശ്രീ തിരിച്ചുനൽകിയപ്പോൾ എന്റെ ഹൃദയം തകർന്നുപോയി.
മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരത്തിനും അർജുന അവാർഡിനും എന്റെ ജീവിതത്തിൽ ഇനി പ്രസക്തിയില്ല. അത് താങ്കൾക്ക് തിരികെ നൽകുന്നു.
വിനേഷ് ഫോഗട്ട്,
ഈ രാജ്യത്തിന്റെ മകൾ



