KOYILANDY DIARY.COM

The Perfect News Portal

പുതുവത്സര ആഘോഷം; ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഫോർട്ട് കൊച്ചിയിൽ ആയിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. നാളെ വൈകിട്ട് 3 മണിക്ക് ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിർത്തലാക്കും. കൊച്ചി നഗര പരിധിയിൽ രണ്ടായിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. 

പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഫോർട്ട് കൊച്ചിയിൽ പ്രവേശിക്കാനാകും. വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കാനാവില്ല. ബീച്ചുകളിൽ 12 മണിക്ക് ശേഷം പ്രവേശനമില്ല. പാർട്ടികൾ 12.30യോടെ അവസാനിപ്പിക്കണം. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ നടപടിയെടുക്കും. രാത്രി 12ന് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നു മടങ്ങാൻ ബസ് സർവീസ് ഉണ്ടാകും. 4 മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്ക് റോ-റോ സർവീസ് വഴി വരാൻ സാധിക്കും. 7 മണിയോടെ ഈ സർവീസ് പൂർണമായും നിർത്തും.

 

തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ​ഗ്രൗണ്ടിലും നിയന്ത്രണങ്ങളുണ്ട്. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായി നിയന്ത്രണമായിരിക്കുമുണ്ടാവുക. കൂടുതൽ പൊലീസിനേയും വിന്യസിക്കും. പാർക്കിങ് പൂർണമായും നിരോധിക്കും. തിരുവനന്തപുരത്തെ ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾക്കും നിയന്ത്രണമുണ്ട്. രാത്രി 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും.

Advertisements

 

മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികൾ അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച് നാഗരാജു അറിയിച്ചു. നഗരത്തിലാകെ 1500 പൊലീസുകാരെ വിന്യസിപ്പിക്കും. ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനം ക്രമീകരിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തും ഹോട്ടലുകളിൽ ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പോലീസിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. ശബ്ദ മലിനീകരണ നിയമങ്ങൾ ലംഘിക്കുന്ന മൈക്ക് ഓപറേറ്റർമാർക്കെതിരെയും നടപടി ഉണ്ടാകും.

Share news