KOYILANDY DIARY.COM

The Perfect News Portal

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ആണ് എതിരാളികൾ. രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മുംബൈയ്ക്കെതിരായി മിന്നും ജയവുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുക.

അതേസമയം തുടർച്ചയായ മൂന്നാം തോൽവി ഒഴിവാക്കാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ശ്രമിക്കുക. മോഹൻ ബഗാനെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടെയുള്ള ബ്ലാസ്റ്റേഴ്സ് വിജയമല്ലാതെ മറ്റൊന്നും ആ​ഗ്രഹിക്കുന്നില്ല. ടീമിൽ ഒരു മാറ്റത്തിന് സാധ്യത. പരിക്കേറ്റ വിബിൻ മോഹന് പകരം മുഹമ്മദ് അസർ ആദ്യ ഇലവനിൽ എത്തിയേക്കും. ലൂണയുടെ അഭാവത്തിൽ മുംബൈക്കെതിരെ ഗോളും അസിസ്റ്റുമായി തിളങ്ങിയ ദിമിത്രിയോസും ക്വാമി പെപ്രയും വീണ്ടും ടീമിനെ കരുത്തരാക്കും.

 

ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം സഹൽ അബ്ദുൾ സമദാണ് ബഗാന്റെ മധ്യനിരയുടെ കരുത്ത്. ഹ്യൂഗോ ബോമസ്, അനിരുധ് ഥാപ്പ, ദിമിത്രി പെട്രാറ്റോസ്, ജേസൺ കമ്മിങ്‌സ് എന്നിവരും മോഹൻബ​ഗാന് കരുത്ത് നൽകുന്നു. എന്നാൽ ആദ്യ ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയിരുന്ന ബഗാന് തുടരെ രണ്ട് കളികളിൽ കാലിടറി. എവേഗ്രൗണ്ടിൽ മുംബൈയോടും സ്വന്തം തട്ടകത്തിൽ ഗോവയോടുമാണ് മോഹൻ ബ​ഗാൻ പരാജയം ഏറ്റുവാങ്ങിയത്.

Advertisements

 

ബ്ലാസ്റ്റേഴ്സും മോഹൻ ബ​ഗാനും നേർക്കുനേർ എത്തിയ ആറു മത്സരങ്ങളിൽ അഞ്ചിലും ജയം മോഹൻ ബ​ഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ ആയത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്. ബഗാൻ 17 ഗോളടിച്ചപ്പോൾ, ബ്ലാസ്റ്റേഴ്‌സ് 9 എണ്ണം മാത്രമാണ് നേടിയത്.

Share news