ഉമ നെല്ലിനത്തിന്റെ പരിപാലനത്തിന് ഇനി ബഹിരാകാശ സാങ്കേതികവിദ്യ
കൊച്ചി: കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ഉമ നെല്ലിനത്തിന്റെ പരിപാലനത്തിന് ഇനി ബഹിരാകാശ സാങ്കേതികവിദ്യയും. ഉമ നെല്ലിനത്തിന്റെ സ്പെക്ടറൽ ലൈബ്രറി, ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് വികസിപ്പിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെയും (കുഫോസ്) കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും (സിഡബ്ല്യുആർഡിഎം) ശാസ്ത്രജ്ഞരുടെ ഗവേഷണമാണ് ഉമ നെല്ലിനത്തിന്റെ സ്പെക്ടറൽ ലൈബ്രറി വികസിപ്പിക്കുന്നതിൽ വിജയിച്ചത്.

മികച്ച രീതിയിൽ വിളപരിപാലനം നടത്താൻ കർഷകരെ പ്രാപ്തരാക്കുമെന്നതാണ് സ്പെക്ടറൽ ലൈബ്രറിയുടെ ഗുണം. കേരളത്തിൽ എവിടെ ഉമ നെൽക്കൃഷി ഉണ്ടെങ്കിലും ബഹിരാകാശ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന സ്പെക്ടറൽ ലൈബ്രറിയിലൂടെ അറിയാനാകും. ഇതിലൂടെ നെൽച്ചെടിയുടെ വളർച്ചക്കുറവ്, രോഗബാധ, വയലിലെ ജലലഭ്യത, നെല്ലിന്റെ മൂപ്പ്, വിളവിന്റെ അളവ് എന്നിവ മുൻകൂട്ടി കണ്ടെത്താനും ഇടപെടലുകൾ നടത്താനും കഴിയും.

കുഫോസിലെ ഡോ. ഗിരീഷ് ഗോപിനാഥും സിഡബ്ല്യുആർഡിഎമ്മിലെ ഡോ. യു സുരേന്ദ്രനും ഗവേഷണത്തിന് നേതൃത്വം നൽകി. കർഷകരുടെ കൃഷിച്ചെലവ് വലിയ തോതിൽ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഡോ. ഗിരീഷ് ഗോപിനാഥ് പറഞ്ഞു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലാണ് ഗവേഷണത്തിന് 83.5 ലക്ഷം രൂപ ധനസഹായം നൽകിയത്. കർഷകർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ വിജയമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി പ്രദീപ് കുമാർ പറഞ്ഞു.




