KOYILANDY DIARY.COM

The Perfect News Portal

കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമംവഴി കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ്‌ പൂക്കോടനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌. ഐബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പുരോഗമിക്കുന്നു.

ചിത്രങ്ങളും വിവരങ്ങളും ശ്രീനിഷ്‌ കൈമാറിയ ‘എയ്‌ഞ്ചൽ പായൽ’ എന്ന സമൂഹമാധ്യമ അക്കൗണ്ട്‌, ഇയാളെ ഇവർ വിളിച്ച ഫോൺനമ്പർ എന്നിവ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഫോൺനമ്പറിന്‌ പാകിസ്ഥാൻ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്‌. ശ്രീനിഷും ഏയ്‌ഞ്ചലും തമ്മിൽ സമൂഹമാധ്യമംവഴിയുള്ള ആശയവിനിമയത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന്‌ ലഭിച്ചു.

 

ശ്രീനിഷിന്റെ ഫോണിൽനിന്ന്‌ ഐഎൻഎസ്‌ വിക്രാന്തിന്റേത്‌ ഉൾപ്പെടെ ചിത്രങ്ങൾ ലഭിച്ചു. ചില സന്ദേശങ്ങൾ നീക്കം ചെയ്‌തിട്ടുണ്ട്‌. ഇവ വീണ്ടെടുക്കാൻ സൈബർ പൊലീസിന്റെ സഹായം തേടി. കപ്പൽശാലയിൽ കരാറിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ശ്രീനിഷ്‌. കഴിഞ്ഞ മാർച്ചുമുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തത്.

Advertisements

 

നാവികസേനയുടെ നിർമാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധകപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാനവിവരങ്ങൾ, വിവിഐപികളുടെ സന്ദർശനം തുടങ്ങിയവ കൈമാറിയിട്ടുണ്ട്‌. ശത്രുരാജ്യത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ്‌ കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയിലുള്ളത്‌. 

 

ഗുജറാത്തിലും അറസ്‌റ്റ്‌
കപ്പൽശാലയിലെ രഹസ്യങ്ങൾ കൈമാറിയതിൽ ഗുജറാത്തിലും അറസ്‌റ്റ്‌. സംഭവത്തിലെ ആദ്യ അറസ്‌റ്റായിരുന്നിത്‌. ഇവിടെ പിടിയിലായ വ്യക്തിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ്‌ കൊച്ചി കപ്പൽശാലയിൽനിന്നുള്ള ചിത്രങ്ങൾ ലഭിച്ചത്‌. ചോദ്യം ചെയ്യലിൽ എയ്‌ഞ്ചൽ പായൽ എന്ന അക്കൗണ്ടിന്റേതടക്കമുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ശ്രീനിഷ്‌ പൂക്കോടനെ പിടികൂടിയത്‌.

തന്നെ എയ്‌ഞ്ചൽ വിളിച്ചത്‌ ചോദ്യംചെയ്യലിൽ ശ്രീനിഷ്‌ വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത്‌ സ്വദേശിയാണെന്ന്‌ അവർ പറഞ്ഞിരുന്നു. ഒരുതവണമാത്രമാണ്‌ സംസാരിച്ചത്‌. പിന്നീടുള്ള ബന്ധപ്പെടൽ മെസഞ്ചർ വഴിയായിരുന്നു. എയ്ഞ്ചൽ എന്നത്‌ കള്ളപ്പേരാണെന്നാണ്‌ അന്വേഷകസംഘങ്ങളുടെ നിഗമനം. അക്കൗണ്ട്‌ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌.

Share news