KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് നീങ്ങി; മുഖ്യമന്ത്രി

നെടുമങ്ങാട്: കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട്ട് നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വിരുദ്ധമായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഒന്നിച്ച് ചെയ്യാനാണ് അവരുടെ തീരുമാനം. ഇരുകൂട്ടർക്കും ചെയ്യാൻ കഴിയാത്തത് കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപ്പാക്കിക്കുകയാണ്‌–- മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിനായുള്ള ആർത്തിയാണ് കോൺഗ്രസിന്. അതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നു. കേന്ദ്ര–- സംസ്ഥാന ബന്ധം ശരിയായ രീതിയിൽ പോകാൻ പാടില്ലെന്ന് അവർ ആഗ്രഹിക്കുന്നു. കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ കേന്ദ്രം കവർന്നെടുത്തപ്പോഴൊന്നും അവരുടെ ശബ്ദം ഉയർന്നിട്ടില്ല. അവരുടെ യഥാർത്ഥമുഖം എന്തെന്ന് കേരളം കണ്ട നാളുകളാണ് കോവിഡ് കഴിഞ്ഞുവന്ന കാലഘട്ടം.

 

ബിജെപിയുമായി ഇരട്ട സഹോദരങ്ങളെപ്പോലെ അവർ ഒത്തുചേർന്നു. ബിജെപിയുടെ മനസ്സിനൊരു നീരസം ഉണ്ടാകരുതെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു.    നാടിനെതിരെയാണ് യുഡിഎഫും ബിജെപിയും കളിക്കുന്നത്. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്ന നിലപാടാണ്‌ അത്‌. അതെല്ലാം തള്ളിക്കളഞ്ഞാണ് നവകേരള സദസ്സിലേക്ക് ജനം ഒഴുകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

 

ഗവർണറുടെ നിലവാരത്തിലേക്ക്‌ 
വിദ്യാർത്ഥികൾ താഴ്‌ന്നില്ല
ഗവർണറുടെ കെണിയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികൾ കുടുങ്ങിയില്ല എന്നത്‌ അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ എന്ന നിലയിൽ ഗവർണർ കാണിക്കുന്ന നിലവാരത്തകർച്ചയിലേക്ക്‌ വിദ്യാർത്ഥികൾ താഴ്‌ന്നില്ല. സെനറ്റിലെ നോമിനേഷനെതിരെയാണ്‌ എസ്‌എഫ്‌ഐ പ്രതിഷേധവുമായി രംഗത്തുവന്നത്‌. വിദ്യാർഥികളുടെ സംയമനത്തിന്റെ ഫലമായി ഗവർണർ ആഗ്രഹിച്ച നിലയിൽ സംഘർഷം സൃഷ്ടിക്കാനായില്ല.

 

ഇനി പറയാൻ ബാക്കിയില്ലാത്ത വാക്കുകളാണ്‌ ഗവർണർ വിദ്യാർത്ഥികൾക്കെതിരെ പ്രയോഗിച്ചത്‌. ഇതെല്ലാമായിട്ടും ഉയർന്ന ബോധത്തോടെ വിദ്യാർത്ഥികൾ നിന്നു. ചാൻസലർ എന്ന നിലയിൽ സ്വീകരിക്കാൻ പാടില്ലാത്ത നിലപാട്‌ സ്വീകരിച്ചതിനെതിരെയാണ്‌ എസ്‌എഫ്‌ഐ പ്രതിഷേധിക്കുന്നത്‌.

ഇപ്പോൾ കെഎസ്‌യുവിന്റെ പ്രതിഷേധം വിദ്യാർത്ഥികളുടെ എന്ത്‌ ആവശ്യത്തിനുവേണ്ടിയാണെന്ന്‌ പറയണം. യൂത്ത്‌ കോൺഗ്രസ്‌ നടത്തിയത്‌ കെഎസ്‌യു തുടരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ അന്വർഥമാക്കുന്ന നിലയിൽ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ്‌ ശ്രമമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

Share news