KOYILANDY DIARY

The Perfect News Portal

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ജയം ഹിലരിക്ക്

വാഷിങ്ടണ്‍ > ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത വോട്ട് രേഖപ്പെടുത്തി തുടങ്ങി. ആദ്യ വിജയം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റന് സ്വന്തം. എന്നാല്‍ പുറത്തുവരുന്ന ആദ്യ സൂചനകളില്‍ മുന്‍തൂക്കം റിപ്പബ്ളിക്കന്‍ സ്ഥാനാഥി ഡൊണാള്‍ഡ് ട്രംപിനാണ്.

കനേഡിയന്‍ അതിര്‍ത്തിക്കടുത്ത ന്യൂഹാംഷെറിലെ മലയോരഗ്രാമത്തില്‍ നടന്ന പോളിങ്ങില്‍ ഹിലരി വിജയിച്ചു. 12 പേര്‍മാത്രമുള്ള ഡിക്സിവില്ലെ നോച്ച്‌ എന്ന ഗ്രാമത്തില്‍ പോള്‍ ചെയ്ത് എട്ട് വോട്ടില്‍ നാലും ഹിലരി സ്വന്തമാക്കി. ട്രംപ് രണ്ട് വോട്ടും, ഗാരി ജോണ്‍സണ്‍ ഒരു വോട്ടും നേടി. ഉണ്ടായിരുന്ന ഒരു എഴുത്ത് വോട്ട് മിറ്റ് റോംനിക്കാണ്.

2012ലെ തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമക്കെതിരെ മത്സരിച്ചിരുന്നു ഇദ്ദേഹം. അര നൂറ്റാണ്ടോളമായി ഈ ചെറു ഗ്രാമം അര്‍ദ്ധ രാത്രി വോട്ട് ചെയ്ത് അമേരിക്കയുടെ ആദ്യ ഫലം പുറത്തു വിടുന്നുണ്ട്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തിലും പ്രസിഡന്റായ വ്യക്തിയെയാണ് ഡിക്സിവില്ലെ നോച്ച്‌ പിന്തുണച്ചത്.

അതേസമയം, സമീപപ്രദേശമായ മില്‍സ് ഫീല്‍ഡില്‍ ഡോണാള്‍ഡ് ട്രംപിന് മികച്ച ഭൂരിപക്ഷം ലഭിച്ചു. ട്രംപ് 16 വോട്ടുകള്‍ നേടി. നാലു വോട്ടുകള്‍ മാത്രമാണ് ഹില്ലരിക്ക് കിട്ടിയത്. ഒരു വോട്ട് എഴുത്ത് വോട്ടായി ബേണി സാന്റേഴ്സിനും ലഭിച്ചു.

Advertisements

ഹാര്‍ട്ട് ലൊക്കേഷനില്‍ ഹിലരിക്ക് 17 വോട്ട് ലഭിച്ചപ്പോള്‍ ട്രംപിന് പതിമൂന്ന് വോട്ടുകളാണ് കിട്ടിയത്. രണ്ടു എഴുത്ത് വോട്ടുകള്‍ ബേണി സാന്റേഴ്സിനും മൂന്നു വോട്ടുകള്‍ ഗ്രേ ജോണ്‍സനും ലഭിച്ചു.

ഫ്ളോറിഡ, നവേഡ, നോര്‍ത്ത് കരോലിന, അരിസോണ എന്നിവിടങ്ങളില്‍ വന്‍തോതില്‍ പോളിങ് നടക്കുന്നു. ഹിലറി ക്ളിന്റന്‍ ജയിക്കാനാണ് 90 ശതമാനം സാധ്യതയെന്ന് സര്‍വേഫലങ്ങള്‍ പറയുന്നു. റോയിട്ടേഴ്സും ഐപിഎസ്‌ഒഎസും നടത്തിയ സര്‍വേഫലങ്ങളാണ് ഹിലറിക്ക് അനുകൂലമായിരിക്കുന്നത്.

ഇന്ന് നടക്കുന്ന പോപ്പുലര്‍ വോട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ആദ്യപടിയാണ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാന്‍ അധികാരമുള്ള ഇലക്ടറല്‍ കോളേജിന്റെ തെരഞ്ഞെടുപ്പാണിത്.

ഓരോ സംസ്ഥാനത്തുനിന്നും വോട്ടവകാശമുള്ളവരെ (ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍) തെരഞ്ഞെടുക്കുകയാണ് ഇന്ന് ചെയ്യുന്നത്. ഇങ്ങനെ തെരഞ്ഞടുക്കപ്പെടുന്ന വോട്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളാണുണ്ടാവുക. ഇതില്‍ 270 പേരുടെയെങ്കിലും വോട്ട് നേടുന്നയാളാകും അടുത്ത അമേരിക്കന്‍ പ്രസിഡന്റ്.

നിലവില്‍ ഏറ്റവുമധികം ഇലക്ടറല്‍ കോളേജ് അംഗങ്ങളുള്ളത് കലിഫോര്‍ണിയയില്‍നിന്നാണ്- 55. പിന്നാലെ ടെക്സാസ് 38, ന്യൂയോര്‍ക്ക്, ഫ്ളോറിഡ 29 വീതം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളുടെ വിഹിതം. ഏഴ് സംസ്ഥാനത്തുനിന്ന് മൂന്നുവീതം അംഗങ്ങളാണുള്ളത്. കൊളംബിയ ഒരു സംസ്ഥാനമോ അവിടെനിന്ന് പ്രതിനിധിസഭയില്‍ അംഗങ്ങളോ ഇല്ലെങ്കിലും അതിന് മൂന്ന് ഇലക്ടറല്‍ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വ്യോമിങ് സംസ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് കൊളംബിയക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളും കൊളംബിയയും ചേര്‍ന്നാണ് ഇത്തവണ 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളെ എട്ടിലെ പോപ്പുലര്‍ വോട്ടിലൂടെ തെരഞ്ഞെടുക്കുക.

ജനുവരിയില്‍ നടക്കുന്ന അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍വച്ചാവും ഇലക്ടറല്‍ കോളേജിലെ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതും ഫലപ്രഖ്യാപനം നടത്തുന്നതും. 2017 ജനുവരി ആറിനാണ് ഇക്കുറി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം. അമേരിക്കന്‍ സെനറ്റിന്റെ അധ്യക്ഷനായ നിലവിലെ വൈസ് പ്രസിഡന്റാണ് സംയുക്ത സമ്മേളനം നിയന്ത്രിക്കുന്നതും വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം നടത്തുന്നതും.

ഹിലരിയോ ട്രംപോ, 270 ഇലക്ടറല്‍ കോളേജ് വോട്ടെങ്കിലും നേടാത്തപക്ഷം പ്രതിനിധി സഭാംഗങ്ങള്‍ (അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍) വോട്ട് ചെയ്ത് പ്രസിഡന്റിനെയും സെനറ്റ് അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *