ജലച്ചായചിത്രം വിൽപ്പനയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വില നേടി മലയാളി യുവചിത്രകാരൻ
കൊച്ചി: ജലച്ചായചിത്രം വിൽപ്പനയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വില നേടി മലയാളി യുവചിത്രകാരൻ. പാലക്കാട് പല്ലശന സ്വദേശി എസ് എൻ സുജിത് വരച്ച ‘ഡയലോഗ്’ എന്നുപേരിട്ട ജലച്ചായ ചിത്രമാണ് സമകാലിക രചനകളുടെ വിഭാഗത്തിൽ ഓൺലൈൻ ലേലത്തിലൂടെ 44, 61, 863 രൂപയ്‌ക്ക് വിറ്റത്. മുംബൈ കേന്ദ്രമായ ആസ്‌ത ഗുരു എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ 16, 17 തീയതികളിലായിരുന്നു ലേലം.

അഞ്ചുമുതൽ ഏഴുലക്ഷംവരെ അടിസ്ഥാനവിലയാണ് ചിത്രത്തിന് നിശ്‌ചയിച്ചിരുന്നത്. തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്‌സിലും ഹൈദരാബാദ് സർവകലാശാലയിലും ചിത്രരചന അഭ്യസിച്ച സുജിത്, മുംബൈവാസത്തിനിടെ 2016 ലാണ് ‘ഡയലോഗ്’ വരച്ചത്. മുംബൈ പത്രങ്ങളിലെ റിയൽ എസ്‌റ്റേറ്റ് പരസ്യങ്ങളായിരുന്നു പ്രേരണ. ക്ലബ് ഹൗസ് മാതൃകയിലുള്ള കെട്ടിടവും പ്രൗഢിയുള്ള മുറ്റവും അവിടെ മുഖാമുഖം നിൽക്കുന്ന കുതിരയും മനുഷ്യനുമാണ് ചിത്രത്തിലുള്ളത്.

71 ഇഞ്ച് – 43 ഇഞ്ച് വലിപ്പമുള്ള ചിത്രം 2017ൽ മുംബൈ സാക്ഷി ഗ്യാലറിയിൽ നടന്ന ഏകാംഗ പ്രദർശനത്തിൽതന്നെ വിറ്റുപോയി. മൂന്നുലക്ഷത്തോളം രൂപയ്‌ക്കാണ് വിറ്റതെങ്കിലും വാങ്ങിയതാരെന്ന് അറിയില്ലായിരുന്നുവെന്ന് സുജിത് പറഞ്ഞു. ആ ചിത്രമാണ് 2017ൽ ചിത്രം വാങ്ങിയ ആൾ ഇപ്പോൾ ഓൺലൈൻ ലേലത്തിൽ വെച്ചത്. ലേലത്തിൽ ഉയർന്ന വില ലഭിച്ചതുകൊണ്ട് ചിത്രകാരന് സാമ്പത്തിക നേട്ടമൊന്നുമില്ല. എന്നാൽ ചിത്രലോകത്തെ മൂല്യം ഉയരങ്ങൾ തൊടുമെന്നത് ചെറിയ കാര്യമല്ല.

മലയാളി ചിത്രകാരന്മാർക്കും കലാസ്വാദകലോകത്തിനും ആഘോഷിക്കാവുന്ന നേട്ടമാണ് സുജിത് കൈവരിച്ചതെന്ന് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. മുമ്പ് രണ്ടരക്കോടിയോളം രൂപയ്‌ക്ക് മലയാളി ചിത്രകാരൻ ടി വി സന്തോഷിന്റെ ചിത്രം വിറ്റിട്ടുണ്ട്. അത് എണ്ണച്ചായ ചിത്രമായിരുന്നു. അഞ്ചുവർഷമായി വൈറ്റില ചളിക്കവട്ടത്തെ ഫ്ലാറ്റിലാണ് സുജിത് കുടുംബസമേതമുള്ളത്. എ പി സന്ധ്യയാണ് ഭാര്യ. സ്‌കൂൾ വിദ്യാർത്ഥികളായ നിരൺ, ദർശിക എന്നിവർ മക്കളാണ്. നളിനിയും പരേതനായ കെ സുന്ദരനുമാണ് മാതാപിതാക്കൾ.

