ഗവർണർ ശ്രമിക്കുന്നത് കേരള വികസനത്തെ പിന്നോട്ടടിപ്പിക്കാൻ; മന്ത്രി കെ രാധാകൃഷ്ണൻ
പുനലൂർ: സംസ്ഥാന തലവനായ ഗവർണർ ശ്രമിക്കുന്നത് കേരള വികസനത്തെ പിന്നോട്ടടിപ്പിക്കാനാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മന്ത്രിസഭയ്ക്കൊപ്പം നിന്ന് ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കേണ്ട ഗവർണർ റോഡിലിറങ്ങി വിദ്യാർത്ഥി സമരത്തെ നേരിടുന്നു. കൂടുതൽ പ്രകോപനമുണ്ടാക്കി വഷളാക്കുന്നു.

സംഘപരിവാർ പറയുന്നത് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഗവർണറുണ്ടെന്നതാണ് നമ്മുടെ ദുരവസ്ഥയെന്നും പുനലൂരിൽ നവകേരള സദസ്സിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ ഗവർമെന്റിനെ തകർക്കാനും പലവിധത്തിൽ ശ്രമമുണ്ടായി. എന്നാൽ എല്ലാ ആക്ഷേപങ്ങളും ജനസമക്ഷത്തിൽ പെരുപ്പിച്ച് അവതരിപ്പിച്ചിട്ടും ജനങ്ങൾ വിശ്വാസമർപ്പിച്ചത് എൽഡിഎഫിൽ തന്നെയാണ്.

അങ്ങനെയാണ് കേരള ചരിത്രത്തിലാദ്യമായി ഒരു സർക്കാരിന് ഭരണ തുടർച്ച കിട്ടുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊക്കെയും സർക്കാർ പാലിച്ചു വരുന്നു. 2024 നവംബർ ഒന്നിനകം സംസ്ഥാനത്തെ 64006 അതി ദരിദ്രരെ ഉന്നതിയിലേക്ക് ഉയർത്താനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

