കാട്ടില പീടികയിൽ സ്പർശം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: സ്പർശം സായാഹ്ന സദസ്സ്.. ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി കണ്ണൻകടവ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്കൂൾ, സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനിയുമായി സഹകരിച്ച് ചേമഞ്ചേരി കാട്ടില പീടികയിൽ സ്പർശം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടന നിർവ്വഹിച്ചു.

പരിമിതികളെ കഴിവുകൾ കൊണ്ട് ചെറുത്തു തോൽപ്പിച്ച കേരള ബ്ലൈൻഡ് ഫുട്ബോൾ കളിക്കാരൻ മാഹിൻ ദിലീപ് പ്രഭാഷണം നടത്തി. കവിയും ചിത്രകാരനുമായ യു കെ രാഘവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജനകീയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചുകൊണ്ട് പരിപാടി ആരംഭിച്ചു. സുരേഷ് ഉണ്ണി, ഉദയേഷ് ചേമഞ്ചേരി, സുലേഖ എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, യൂകെ രാഘവൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

പന്തലായനി ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ദീപ്തി ഇ.പി ഭിന്നശേഷി ദിന പ്രമേയം അവതരിപ്പിച്ചു. കലാഭവൻ മണി പുരസ്കാര ജേതാവ് ബിജു അരിക്കുളത്തിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് പൂരം നടന്നു. കണ്ണൻകടവ് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായി. ചടങ്ങിൽ ജോർജ് കെ.ടി പ്രധാനാധ്യാപകൻ ജി.എഫ് എൽപി കണ്ണൻ കടവ് സ്വാഗതവും, സിൽജ സ്പെഷ്യൻ എഡ്യുക്കേറ്റർ ബി ആർ സി പന്തലായനി നന്ദിയും പറഞ്ഞു.
