പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐ എമ്മിന് മികച്ച വിജയം
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് മികച്ച വിജയം. സിപിഐ എം സ്ഥാനാർത്ഥി തീർത്ഥ അനൂപ് 2181 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ എൻ എസ് ഫൗസി നേടിയ 1815 വോട്ടിൻ്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് വിജയം. മുസ്ലിം ലീഗിലെ നജ്മ തൈപ്പറമ്പത്ത് 933 വോട്ടും ബിജെപി സ്ഥാനാർത്ഥി കെപി സൗമ്യ 299 വോട്ടും നേടി. ആകെ 4346 വോട്ടാണ് പോൾ ചെയ്തത്.

പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിക്കുന്ന ബ്ലോക്കാണ് പാനൂർ. എൽഡിഎഫ് അംഗം എൻ എസ് ഫൗസി സർക്കാർ ജോലി ലഭിച്ചതിനാൽ സ്ഥാനം രാജിവെച്ചതാണ് ഈ ഡിവിഷനിൽ ഉപതെരെഞ്ഞെടുപ്പിന് കാരണം. ചൊക്ലി പഞ്ചായത്തിലെ 3, 12, 14, 15, 16 എന്നീ വാർഡുകൾ ഉൾകൊള്ളുന്നതാണ് ചൊക്ലി ഡിവിഷൻ. ഇതിൽ 5 വാർഡിലും എൽ ഡി എഫാണ് കഴിഞ്ഞ തവണ ജയിച്ചത്. ചൊക്ലി പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്.

