KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ അസൗകര്യമുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതം; പി എസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമലയിൽ അസൗകര്യമുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത്. തിരക്കുണ്ടെന്നുള്ളത് സത്യമാണ്. മണ്ഡലകാലത്ത് വെള്ളി, ശനി, ദിവസങ്ങളിൽ പൊതുവെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അതാണ് ഇപ്പോഴത്തെ തിരക്കിന് കാരണം. ഇത്തവണത്തെ തിരക്ക് പുതിയ പ്രതിഭാസമല്ല. എല്ലാവർഷങ്ങളിലും ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതാണ്.

എന്നാൽ ദേവസ്വം ബോർഡും സർക്കാരും അവിടെ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടു തവണ അവലോകനയോഗങ്ങൾ ചേർന്നിരുന്നു. ദേവസ്വം മന്ത്രി അഞ്ച് തവണ അവലോകനയോഗം നടത്തുകയും ചെയ്തു. തുടർന്ന് എല്ലാവകുപ്പ് മന്ത്രിമാരുടെയും നേതൃത്വത്തിൽ അതാത് വകുപ്പുകൾക്ക് എന്തൊക്കെ കാര്യക്ഷമമായി ചെയ്യാൻ പറ്റുമോ അത് എല്ലാ ചെയ്യുകയും ചെയ്തു. 

 

സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഉറപ്പാക്കുന്നതിന് ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചു. വെർച്വൽ ക്യൂവിൽ 90,000 പേർക്ക് രജിസ്റ്റർ ചെയ്യാനാണ് സൗകര്യം ഏർപ്പെടുത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 80,000 പേർക്ക് മാത്രമായി ചുരുക്കി. ദർശനത്തിനായി ക്യൂ നിൽക്കുന്ന അയ്യപ്പഭക്തർക്ക് വലിയ നടപ്പന്തൽ, ഡൈനാമിക്ക് ക്യൂ കോംപ്ലക്സ് എന്നിവയിൽ മതിയായ ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനോ വിവാദത്തിനോ താല്പര്യമില്ല. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news