ശുചിത്വ തീരം വിലയിരുത്താൻ കോഴിക്കോട് കലക്ടർ നേരിട്ടെത്തി
കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിന്റെയും, കൊയിലാണ്ടി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ “ശുചിത്വ തീരം” പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണം ജില്ലാ കലക്ടർ സ്നേഹിൽകുമാർ ഹാർബർ പരിസരത്ത് നേരിട്ടെത്തി വിലയിരുത്തി. കലക്ടറുടെ സന്ദർശനം ശുചീകരണത്തിൽ പങ്കെടുത്ത വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് വളണ്ടിയർമാർക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും പുതിയ അനുഭവമായി.

പദ്ധതിയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയ കലക്ടർ വിദ്യാർഥികൾക്കൊപ്പവും ശുചീകരണത്തിൽ പങ്കാളികളായ പ്രവർത്തകർക്കൊപ്പവും സംവദിക്കുകയും സെൽഫിയെടുക്കുകയും ചെയ്തു. കാലത്ത് 7 മണി മുതൽ 12 മണി വരെ നടന്ന ശുചീകരണം നരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രജില, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ കെ.ടി. റഹ്മത്ത്, എ. അസീസ്, കെ.കെ. വൈശാഖ്, വി. രമേശൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി എന്നിവർ സംസാരിച്ചു.

ശുചീകരണത്തിൽ ബീച്ചിൽ നിന്നും ശേഖരിച്ച1800ഓളം കിലോ അജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറി. സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതേരി, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനി, സീന എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. നഗരസഭാ തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അൽ – ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളജ് ഓമശ്ശേരി, മദർ തെരേസ കോളേജ്, ഗുരുദേവ കോളേജ്, പന്തലായനി ജി.വി.എച്ച്.എസ്, കൊയിലാണ്ടി ജി.എച്ച്.എസ്. എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളന്റീയർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന സംഘടന പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
