യൂത്ത്‌കോൺഗ്രസ് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടം; എം വി ഗോവിന്ദൻ
തിരുവനന്തപുരം: യൂത്ത്‌കോൺഗ്രസ് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിൽതട്ടിപ്പ്, വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം, അഡ്‌മിഷൻ തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി യൂത്ത്‌കോൺഗ്രസ് മാറി. നിപായും ഓഖിയും കോവിഡുമെല്ലാം ഉണ്ടായപ്പോൾ ഡിവൈഎഫ്‌ഐ ജനങ്ങളെ ചേർത്തുപിടിച്ചു.

അന്ന് യൂത്ത്‌കോൺഗ്രസ് ചിത്രത്തിലില്ലായിരുന്നുവെന്ന് പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. ജോലി തട്ടിപ്പുകേസിലാണ് യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിലായിരിക്കുന്നത്. നഴ്‌സിങ് പ്രവേശനം തരപ്പെടുത്താമെന്ന് പറഞ്ഞ് പണം വാങ്ങിയതായും പരാതിയുണ്ട്. കൊല്ലത്ത് കൃത്രിമ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എൻറോൾ ചെയ്‌തത് യൂത്ത്‌കോൺഗ്രസ് നേതാവാണ്. റെയിൽവേ സാമഗ്രികൾ മോഷ്ടിച്ച കേസിലും യൂത്ത്‌കോൺഗ്രസ് പ്രതി സ്ഥാനത്തുണ്ട്.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചവരെ പിടിച്ചത് സംസ്ഥാന പ്രസിഡണ്ടിന്റെ കാറിൽനിന്നാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവരെ തള്ളിപ്പറയുന്നതിന് പകരം പൂർണ സംരക്ഷണം നൽകുകയാണ് കെപിസിസി പ്രസിഡണ്ടടക്കമുള്ളവരെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ച വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

