KOYILANDY DIARY.COM

The Perfect News Portal

സർഗ്ഗാത്മക ജീവിതത്തിന് സാഹിത്യം അനിവാര്യമെന്ന് യു.കെ. കുമാരൻ

കൊയിലാണ്ടി: മനുഷ്യന്റെ ഇത്തിരിവട്ട ജീവിത സഞ്ചാരം വിപുലവും സർഗാത്മകവുമായ അനുഭവങ്ങളാക്കി മാറ്റുവാൻ സാഹിത്യകൃതികൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. പൂക്കാട് കലാലയം കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാധാകൃഷ്ണൻ കാര്യാവിൽ നഗരിയിൽ  ഒരുക്കിയ ഇ.കെ.ഗോവിന്ദൻമാസ്റ്റർ സ്മാരക വേദിയിൽ മലയാള സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയ കഥ – കവിത – ഹ്രസ്വചിത്ര തിരക്കഥ രചനാ കേമ്പ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. എം. സത്യൻ ഉദ്ഘാടനം ചെയ്തു. ആത്മജ്ഞാനത്തിലൂടെ വിവേകമതികളായി വളരണമെങ്കിൽ പുതുതലമുറയിൽ സാഹിത്യ ബോധ്യങ്ങൾ ശില്പശാലകളിലൂടെ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാനും കവിയും നാടകകൃത്തുമായ എം.എം സചീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് യു.കെ.രാഘവൻ ആശംസ അർപ്പിച്ചു. തുടർന്ന് നടന്ന ശില്പശാലയിൽ എൻ.ഇ. ഹരികുമാർ, ഡോ: സിജു കെ.ഡി. എന്നിവർ തിരക്കഥാ ക്ലാസ് നയിച്ചു. കവിത പഠനക്ലാസ് എം.എം.സചീന്ദ്രനും കഥാപഠന ക്ലാസ് വി.പി.ഏല്യാസും നയിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളും പൊതു ജനങ്ങളും ഉൾപ്പടെ 210 പേർ ശില്പശാലകളിൽ പങ്കാളികളായി. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി, കൺവീനർ ജനറൽ ശിവദാസ് കാരോളി എന്നിവർ സ്നേഹോപഹാരം നൽകി. ജനറൽ കൺവീനർ ശശികുമാർ പാലക്കൽ സ്വാഗതവും ജനറൽ സെകട്ടറി സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.
ശനിയാഴ്ച  പൊതുജനങ്ങൾക്കും കലാലയം പ്രവർത്തകർക്കും വിദ്യാർഥികൾക്കുമായി രാവിലെ 10 മണിക്ക് ഡോ.ആർ.വി.എം.ദിവാകരൻ നയിക്കുന്ന സാഹിത്യാസ്വാദന ക്ലാസും ഉച്ചയ്ക്ക് 2 മണിക്ക് ബിജുകാവിൽ നേതൃത്വം നൽകുന്ന സാഹിതീ സല്ലാപം പ്രശ്നോത്തരിയും നടക്കും. വൈകീട്ട് 3.30 മണിക്ക് ഗ്രാമാക്ഷരി സാഹിത്യകാര സംഗമം എം.വി.എസ്. പൂക്കാട് ഉദ്ഘാടനം ചെയ്യും. 4 മണിയ്ക്ക് സമാപന സമ്മേളനം കല്പറ്റനാരായണൻ ഉദ്ഘാടനം ചെയ്യും. സമാപന വേദിയിൽ അഖിലകേരള കഥ – കവിത – ഏകാങ്കനാടക രചനാ മത്സര വിജയികൾക്ക്  ഉപഹാരവും കാര്യാവിൽ രാധാകൃഷ്ണൻ – ദാമുകാഞ്ഞിലശ്ശേരി സ്മാരക കേഷ് അവാർഡും നൽകും
Share news