കാനം രാജേന്ദ്രൻ്റെ വിയോഗം കനത്ത നഷ്ടം: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവെന്നും വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വേദനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കാനത്തിന്റെ വിയോഗം ഞെട്ടലോട് കൂടിയാണ് കേട്ടത്. ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വളരെ വേഗം തന്നെ ആശുപത്രി വിടാനും പൊതുപ്രവർത്തനരംഗത്തേക്ക് തിരിച്ച് വരാനും കഴിയുമെന്നായിരുന്നു കണ്ടപ്പോൾ പ്രതീക്ഷ പങ്കുവെച്ചത്. വളരെ ആകസ്മികമായിട്ടാണ് ഇപ്പോൾ ഈ വാർത്ത കേട്ടത്. ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിനു വേണ്ടി പ്രവർത്തിച്ച, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി നിലകൊണ്ട, സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ അതിന് നേതൃത്വം നൽകിയ ഒരു കമ്യൂണിസ്റ്റ് നേതാവിനെയാണ് നമുക്ക് നഷ്ടമായത്.


സിപിഐയും സിപിഐ എമ്മും വളരെ ഐക്യത്തോടെയാണ് മുന്നോട്ട് നീങ്ങിയിരുന്നത്. പ്രതികൂലമായ സാഹചര്യങ്ങൾ രൂപപ്പെടുമ്പോഴുമെല്ലാം ശരിയായ ദിശാബോധത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ശ്രദ്ധേയ നേതൃത്വമായാണ് കാനം നിലകൊണ്ടത്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർപ്പിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഉജ്ജ്വലനായ സഖാവാണ് കാനം. ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.


ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന സൗഹൃദം കൂടിയാണ് കാനത്തിന്റെ വിടപറയലിലൂടെ ഓർമ്മയാകുന്നത്. ഇടതുമുന്നണിയെ കരുത്തുറ്റതാക്കുന്നതിൽ സഖാവ് കാനം വഹിച്ച പങ്ക് വളരെ വലുതാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കാനത്തിന്റെ വിയോഗം. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ- എം വി ഗോവിന്ദൻ പറഞ്ഞു.

