ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും
കൊച്ചി: ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിലെ പ്രഭാത സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് നിരവധിപേർ വിദേശത്ത് പഠനത്തിനായും കുടിയേറ്റത്തിനായും പോകുന്നത് ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകൈയിൽ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്. വിദേശ പഠനസൗകര്യങ്ങൾ കുട്ടികൾ സ്വയം കണ്ടെത്തുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുകയും സ്ഥാപനങ്ങളുടെ മികവ് വർധിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. പുതിയ കോഴ്സുകളും ആരംഭിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ഹബ്ബായി കേരളം മാറുമ്പോൾ വിദേശവിദ്യാർഥികളും ഇവിടേക്കെത്തും. ഇവിടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ കോഴ്സുകൾ അത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് തുടങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.


നമ്മുടെ നാട് ഒന്നിലും പിന്നിലല്ലെന്ന വികാരവും കാലാനുസൃത വികസനം ഇവിടെയുമുണ്ടാകണമെന്ന ജനങ്ങളുടെ ബോധ്യവുമാണ് നവകേരള സദസ്സിലെ വലിയ പങ്കാളിത്തത്തിന് കാരണം. ഭരണനിർവഹണമികവ് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക പ്രധാനമാണ്. മന്ത്രിമാരുടെ നേതൃത്വത്തിൽ ഫയൽ അദാലത്തുകളിലും മികച്ച പ്രതികരണമുണ്ടായി. മന്ത്രിസഭ ഒന്നാകെ എത്തി മേഖലാതല അവലോകനയോഗം നടത്തി വികസനപ്രശ്നങ്ങളും തടസ്സങ്ങളും ചർച്ച ചെയ്തു. അതിന്റെയെല്ലാം തുടർച്ചയാണ് രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള സദസ്സ്. കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പറവൂരിലെ മഹാസംഗമം പലർക്കുമുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിൽ കാണാമെന്നുപറഞ്ഞത് ഇവിടെയുള്ള ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ്. ആ വിശ്വാസം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂർ മണ്ഡലം നവകേരളസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേകതരം മനോഭാവമാണ് പ്രതിപക്ഷനേതാവിന്. കേരളം ഒരുതരത്തിലും മുന്നോട്ടുപോകരുതെന്ന ചിന്തയാണ് അദ്ദേഹത്തിന്. നിഷേധ സമീപനമാണ്. എല്ലാത്തിനെയും തള്ളിപ്പറയുകയും എതിർക്കുകയും ചെയ്യുന്നു. ലോക കേരളസഭ, കേരളീയം ഉൾപ്പെടെയുള്ള ജനകീയ പരിപാടികൾ ബഹിഷ്കരിച്ചു. അതിന്റെ തുടർച്ചയാണ് നവകേരളസദസ്സ് ബഹിഷ്കരണവും. എന്നാൽ, കേരളം മുന്നോട്ടുപോകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന നവകേരളസദസ്സ്. ഓരോ പ്രദേശത്തും ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത കൂട്ടായ്മയാണുണ്ടാകുന്നത്. ഒരിടത്തും നവകേരളസദസ്സിനെത്തുന്നവരെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഗ്രൗണ്ടില്ല. ഒന്നിച്ചുനിൽക്കണം, നാട് മുന്നോട്ടുപോകണം എന്നാണ് നവകേരളസദസ്സിൽ പങ്കെടുക്കുന്നവർ നൽകുന്ന സന്ദേശം.
അധികാരവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് എല്ലാം കാണുന്നത്. എൽഡിഎഫിന് തുടർഭരണം ഉണ്ടായത് വികസനത്തിന്റെ ഫലമായിട്ടാണെന്നും ഇനി വികസനം പാടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. കേരളത്തിന്റെ വികസനം തടയാനുള്ള കേന്ദ്രസർക്കാർ നടപടിയെ എതിർക്കുന്നില്ല. 2021ൽ എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ അവരുടെ സഹായം കിട്ടി. എന്നാൽ, ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.
