KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്; ഇ പി ജയരാജൻ

കോഴിക്കോട്: കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോഴിക്കോട് മുതലക്കുളത്ത് എൽഡിഎഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല. വി ഡി സതീശനെപ്പോലെ തലക്കനവും അഹങ്കാരവും ധിക്കാരവുമുള്ള നേതാക്കളാണ്‌ കോൺഗ്രസിന്റെ ഗതികേട്‌. കേരളത്തിൽനിന്നുള്ള 18 യുഡിഎഫ്‌ എംപിമാരിൽ ഒരാൾ കേന്ദ്രത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ സതീശനും കൂട്ടരും അദ്ദേഹത്തെ ആക്രമിക്കുകയാണ്‌. 

 

നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലും ജയിക്കുമെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. അവരുടെ നയത്തിന്റെയും നടപടിയുടെയും ഫലമാണ്‌ ഈ തകർച്ച. ഇന്ത്യയിലെ മറ്റേതെങ്കിലും കക്ഷികളുമായി ധാരണയിലെത്താൻ അവർ തയ്യാറാവുന്നില്ല. തെറ്റുതിരുത്തി മുന്നോട്ടുപോവാനുള്ള സുവർണാവസരമാണിത്. കേരളത്തിന്‌ അർഹമായ 61,624 കോടി രൂപ തടഞ്ഞുവച്ച കേന്ദ്ര സർക്കാർ രാഷ്‌ട്രീയ വിരോധം തീർക്കുകയാണ്‌.

Advertisements

 

അതേക്കുറിച്ച്‌ പറയാൻ മാധ്യമങ്ങളും പ്രതിപക്ഷവും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടി വി ബാലൻ അധ്യക്ഷനായി. സത്യൻ മൊകേരി, മനയത്ത്‌ ചന്ദ്രൻ, കെ കെ അബ്ദുള്ള, കെ ഗോപാലൻകുട്ടി, ഒ പി അബ്ദുറഹ്‌മാൻ, സാലിഹ്‌ കൂടത്തായി, എൻ പി സൂര്യനാരായണൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.

Share news