മൃഗാശുപത്രികളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ വിജിലൻസ് പരിശോധന. മൃഗാശുപത്രികളിൽ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വെറ്റ് സ്കാൻ’ എന്ന പേരിൽ പരിശോധന നടത്തിയത്.

ചിലയിടത്ത് ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുന്നതായും ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും മരുന്നുകളും വാക്സിനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായി രേഖപ്പെടുത്തിയ ശേഷം വിൽക്കുന്നതായും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

തിരുവനന്തപുരത്തും എറണാകുളത്തും എട്ട് വീതവും കോട്ടത്ത് അഞ്ചും പാലക്കാടും കോഴിക്കോടും നാലും മറ്റ് ജില്ലകളിൽ 3 വീതവും മൃഗാശുപത്രികളിലാണ് പരിശോധന നടത്തിയത്. വിജിലൻസ് മേധാവി ടി കെ വിനോദ്‌കുമാറിന്റെ നിർദേശപ്രകാരം ഐജി ഹർഷിത അത്തല്ലൂരി, എസ്‌പി ഇ എസ് ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് വിജിലൻസ് മേധാവി അറിയിച്ചു. ടോൾ ഫ്രീ നമ്പർ: 1064. ഫോൺ: 8592900900, വാട്ട്‌സാപ്പ്: 9447789100.

