KOYILANDY DIARY.COM

The Perfect News Portal

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതിയില്ല

കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗർഭസ്ഥശിശുവിന്‌ 30 ആഴ്‌ചയിലധികം വളർച്ചയുള്ളതിനാൽ ഗർഭഛിദ്രത്തിന്‌ നിയമപരമായി അനുമതി നൽകാനാകില്ലെന്ന്‌ കോടതി ഉത്തരവിൽ പറഞ്ഞു. കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസർ കൃത്യമായ ഇടവേളയിൽ ഇരയുടെ വീട്‌ സന്ദർശിച്ച്‌ സഹായവും പിന്തുണയും നൽകണം.

ഗർഭാവസ്ഥ പൂർത്തിയാക്കാൻ അനുകൂല സാഹചര്യമൊരുക്കണം. ഇരയ്‌ക്ക്‌ വൈദ്യസഹായവും കൗൺസലിങ്ങും നൽകണം. നിയമപരിരക്ഷയും സംരക്ഷണവും പെൺകുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പുവരുത്തണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതിതേടി അമ്മ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതിയുടെ ഉത്തരവ്‌.

 

ആദിവാസി സെറ്റിൽമെന്റിലാണ്‌ പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്‌. പെൺകുട്ടിയുടെ വീട്ടിൽവെച്ചാണ്‌ അച്ഛന്റെ പരിചയക്കാരൻ പീഡിപ്പിച്ചത്‌. കോടതിയുടെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ്‌ ചേർന്ന്‌ പെൺകുട്ടിയുടെയും ഗർഭസ്ഥശിശുവിന്റെയും മാനസിക, ശാരീരികസ്ഥിതികൾ വിലയിരുത്തി. 30 ആഴ്‌ചയിലധികം വളർച്ചയെത്തിയ ഗർഭസ്ഥശിശുവിന്‌ പൂർണ ആരോഗ്യമുണ്ടെന്നും സിസേറിയനിലൂടെ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisements

 

റിപ്പോർട്ട്‌ പരിഗണിച്ചാണ്‌ കോടതി പെൺകുട്ടിയുടെ അമ്മയുടെ ഹർജി തീർപ്പാക്കിയത്‌. ചിൽഡ്രൻസ്‌ ഹോമിൽ കഴിയുന്ന പെൺകുട്ടിയെ അമ്മയുടെ അടുത്തേക്ക്‌ എത്തിക്കാനും സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും കോടതി നിർദേശിച്ചു. ജനിക്കുന്ന കുട്ടിയുടെ സംരക്ഷണകാര്യങ്ങളിൽ പെൺകുട്ടിക്കും കുടുംബത്തിനും ബാലനീതി നിയമപ്രകാരം ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

Share news