അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം
വയനാട്: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കല്ലൂരിലാണ് സംഭവമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് കല്ലൂർ 67ൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അതേസമയം, ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് രണ്ടുപേർ മരിച്ചു. പേരൂർക്കടയ്‌ക്ക് സമീപം വഴയിലയിലാണ് അപകടമുണ്ടായത്. ബേക്കറികട നടത്തുന്ന വഴയില സ്വദേശി ഹരിദാസ്, സുഹൃത്തായ വിജയൻ എന്നിവരാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ഇവർ. പുലർച്ചെ സംഭവം നടന്നയുടൻ നാട്ടുകാരും പൊലീസും സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു.


ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ അയ്യപ്പ ഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിടിച്ച് കുഴിയിലേക്ക് വീണ ഹരിദാസനെയും വിജയനെയും ആരും കണ്ടില്ല. പിന്നീട് നേരം പുലർന്ന് വെളിച്ചം വന്നതോടെയാണ് ഇവർ വീണുകിടക്കുന്നത് നാട്ടുകാർ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

