മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; തമിഴ് നാട്ടിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യത
തമിഴ് നാട്: മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിമി മാത്രം അകലെ. തമിഴ്നാടിൻ്റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യത. തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യത.

തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മിഗ്ജൗമ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ് നാട് തീരത്തിനു സമീപത്ത്. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നു. പുതുച്ചേരി, ചെന്നൈ, വടക്കൻ തമിഴ്നാടിൻ്റെ തീര മേഖലകളിൽ അതിശക്തമായ കാറ്റും തീവ്ര മഴയുമാണ് ലഭിക്കുന്നത്.

വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശ മാറി തെക്ക് ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിക്കും. കനത്ത മഴയും കാറ്റും തെക്കൻ ആന്ധ്ര പ്രദേശിലും, തീരമേഖലയിലും വ്യാപിക്കും. തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പരമാവധി 110 കിലോമീറ്റർ വരെ വേഗതയിലായിരിക്കും മിഗ് ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

