KOYILANDY DIARY.COM

The Perfect News Portal

മുദ്ര ലോൺ: സുരേഷ് ഗോപിയുടെ പ്രസ്താവന വിദ്വോഷം വളർത്താൻ. വിമർശിച്ച് എഐബിഒസി

എറണാകുളം: മുദ്ര ലോണുകൾ സംബന്ധിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ പ്രസ്താവന സമൂഹത്തിൽ അരാജകത്വം പടർത്താനും വിദ്വേഷം വളർത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന്  ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ(എഐബിഒസി) സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഢൻ. എഐബിഒസി പുറത്തിറക്കിയ സർക്കുലറിലാണ് സുരേഷ് ​ഗോപിയുടെ വിദ്വേഷ പ്രസം​ഗത്തിനെതിരെ വിമർശനം. 

വികസിത് ഭാരത് സങ്കൽപ് യാത്ര”യുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 2 ന് എറണാകുളത്ത് നടന്ന പൊതുയോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവനകൾ. കേരളത്തിലെ ബാങ്ക് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനുകൾ മനഃപൂർവം പൊതുജനങ്ങൾക്ക് മുദ്രാ ലോണുകൾ നിഷേധിക്കുകയാണെന്നും വായ്പ യോഗ്യതയെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. കൂടാതെ, മുദ്ര ലോണുകൾ നിഷേധിക്കുന്നതായി ആരോപിക്കപ്പെടുന്ന ബാങ്ക് ശാഖകൾക്കെതിരെ പട നയിക്കാനും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാനും ഈ രീതിക്കായി ബിജെപിയുടെ ഏത് പ്രവർത്തകരെ വേണമെങ്കിലും സമീപിക്കാമെന്നും സുരേഷ് ​ഗോപി തന്റെ പ്രസം​ഗത്തിൽ പറയുന്നുണ്ട്. 

എന്നാൽ സുരേഷ് ​ഗോപിയുടെ പ്രസ്താവനകൾ തെറ്റാണെന്ന് എഐബിഒസി സർക്കുലറിൽ പറഞ്ഞു. പ്രസ്താവനകൾ നിരുത്തരവാദപരമാണെന്നും  അടിസ്ഥാന ബാങ്കിംഗ് തത്വങ്ങളെക്കുറിച്ചും ബാങ്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും സുരേഷ്  ​ഗോപിക്കുള്ള ധാരണയില്ലായ്മ പ്രസ്താവനയിലൂടെ വ്യക്തമായി പ്രകടമാണെന്നും സർക്കുലറിൽ പറയുന്നു.

Advertisements


 
സുരേഷ് ഗോപിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയും ഈ വിഷയത്തിൽ നിരുത്തരവാദപരമായാണ് ഇടപെടുന്നത്. ബാങ്കുകൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകൾ അനുവദിക്കുന്ന വായ്പകൾ സാധാരണക്കാരുടെയും പൊതു നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണെന്നത് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.  നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ബാങ്ക് ഉദ്യോഗസ്ഥർ മുദ്ര വായ്‌പകൾ വിതരണം ചെയ്‌താൽ, വായ്പ തിരിച്ചടവ് പ്രക്രിയ വെല്ലുവിളിയായി മാറും. ഇത് നിക്ഷേപകരുടെ പണം നഷ്ടമാകുന്നതിനു കാരണമാകും. കൂടാതെ, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ബാങ്ക് ഓഫീസർമാരുടെ പരാജയപ്പെട്ടാൽ നിയമനടപടി നേരിടുകയും ജോലി നഷ്ടമാനുകയും ചെയ്യും. 

പൊതു ഖജനാവിൽ നിന്നാണ് ബാങ്കർമാർ ശമ്പളവും പെൻഷനും കൈപ്പറ്റുന്നതെന്ന സുരേഷ് ​ഗോപിയുടെ വാദത്തിൽ അറിവില്ലായ്മ പ്രകടമാണ്. ബാങ്കുകശുടെ ലാഭത്തിൽ നിന്നാണ് ബാങ്ക് ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നതെന്നും അവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പുതിയ പെൻഷൻ സ്കീമിൽ നിന്നാണ് ലഭിക്കുന്നതെന്നും സുരേഷ് ​ഗോപി തിരിച്ചറിയണം. ഈ സ്കീം അടിസ്ഥാനപരമായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള സംഭാവന ആണെന്നും പൊതു ഖജനാവിൽ നിന്നു ഒരു രൂപ പോലും ഈ ഫണ്ടിലേക്ക് വിനിയോഗിക്കുന്നില്ല എന്നും മനസിലാക്കേണ്ടതുണ്ടന്നും സർക്കുലർ പറയുന്നു.  

പൊതുമേഖലാ ബാങ്കുകൾ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയുടെ വേദിയിൽ വെച്ച് അദ്ദേഹം നടത്തിയ രാഷ്ട്രീയ പ്രസ്താവന തികച്ചും അപഹാസ്യമാണ്.  ബാങ്ക് ജീവനക്കാർക്കും ബാങ്കിംഗ് സംവിധാനത്തിനുമെതിരെ വിദ്വേഷം പരത്തുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മയാണെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി ആത്മാർഥമായി ഉത്കണ്ഠ പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനും പരസ്യത്തിനുമായി പൊതു മുതലുകൾ ഉപയോഗിക്കരുതെന്ന് ബിജെപിയെ ഉപദേശിക്കണം.    

രാഷ്ട്രീയക്കാർ വോട്ട് ബാങ്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തുന്ന വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എഐബിഒസി സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഢൻ സർക്കുലറിൽ പറയുന്നു.

Share news