KOYILANDY DIARY.COM

The Perfect News Portal

കൈക്കൂലി കേസിൽ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു; ഓഫീസ് റെയ്ഡ് ചെയ്ത് തമിഴ്‌നാട് പൊലീസ്

ചെന്നൈ: കൈക്കൂലി കേസിൽ ഇഡി ഉദ്യോഗസ്ഥനെ വിജിലൻസ്‌ അറസ്റ്റ് ചെയ്‌തതിന്‌ പിന്നാലെ ഇഡി ഓഫീസുകളിൽ വ്യാപക പരിശോധനയുമായി തമിഴ്‌നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മധുര സബ് സോണല്‍ ഓഫീസിലെ ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരി അറസ്റ്റിലായത്‌.

ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേന്ദ്ര ഏജന്‍സിയുടെ ഓഫീസും അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വസതിയും വ്യാപകമായി പരിശോധന നടത്തി. ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഒരു ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിലായ അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഇതിനകം തന്നെ പരിഹരിച്ച ഒരു കേസില്‍ നിയമപരമായ നടപടികള്‍ ഒഴിവാക്കാന്‍ മൂന്നു കോടിയാണ് തിവാരി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തുകയും ചെയ്‌തു. തുടര്‍ന്ന് മൂന്നു കോടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് അമ്പത്തൊന്നു ലക്ഷമാക്കി കുറച്ചു.

Advertisements

 

മേലുദ്യോഗസ്ഥന്മാരുമായി സംസാരിച്ചാണ് തുക കുറച്ചതെന്നും ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. ഇതോടെ ആദ്യ ഗഡുവായി 20 ലക്ഷം രൂപ തിവാരി കൈപ്പറ്റി. ബാക്കി തുകയ്ക്കായി ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചതോടെ ഇയാള്‍ വിജിലന്‍സിന് പരാതി നല്‍കി. തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.

Share news