തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ആര്‍ എന്‍ രവിയുടെ നീക്കം. രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളില്‍ ഗവര്‍ണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി രംഗത്തെത്തി. ഗവർണറുടെ നടപടി വൈകിപ്പിക്കൽ തന്ത്രമെന്ന് മന്ത്രി എസ് രഘുപതി കുറ്റപ്പെടുത്തി. നേരത്തെ കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

