നവകേരള സദസ്സിനെ വരവേൽക്കാൻ കൊയിലാണ്ടി ഒരുങ്ങി
കൊയിലാണ്ടി: നവകേരള സദസ്സിനെ വരവേൽക്കാൻ കൊയിലാണ്ടിയിൽ വൻ തയ്യാറെടുപ്പ്. സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം എത്തിച്ചേരുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യംവഹിക്കാൻ നാടാകെ ഒരുങ്ങിക്കഴിഞ്ഞതായി എം.എൽ.എ. കാനത്തിൽ ജമീല പത്രക്കുറിപ്പിലൂടെ അറിയിച്ചു. നവംബര്‍ 25ന് രാവിലെ 9 മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് നവകേരള സദസ്സ് നടക്കുന്നത്.

നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ദരില്‍ നിന്നും , പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ ചെയർമാനായും നവകേരള സദസ്സ് നോഡൽ ഓഫീസർ എൻ.എം. ജീഷ കൺവീനറായും വിപുലമായ സ്വാഗതസംഘംമാണ് പരിപാടിയുടെ വിജയിത്തിനായി പ്രവർത്തിക്കുന്നത്. 15000 പേർക്ക് ഇരിക്കാവുന്ന പന്തലിൻ്റെ നിർമ്മാണ പ്രവർത്തനം ഇന്ന് കാലത്ത് ആരംഭിച്ചു.

മണ്ഡലത്തിലെ രണ്ട് നരസഭകളിലും മറ്റ് പഞ്ചായത്തുകളിലും ആയിരങ്ങൾ പങ്കെടുത്ത വിപുലമായ സ്വാഗതസംഘവും തുടർന്ന് മണ്ഡലത്തിലെ മുഴുവൻ വാർഡുകളും സംഘാടകസമിതി രൂപീകരിച്ച് കുടുംബ യോഗങ്ങൾ ഉൾപ്പെടെ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. പതിനയ്യായിരത്തിലധികം ആളുകളെ ഉൾക്കള്ളാൻ ശേഷിയുള്ള കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നനത്. മണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വേദിയിലരങ്ങേറും.

പൊതുജനങ്ങള്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചതായും എംഎൽഎ പറഞ്ഞു. കമാനങ്ങളും ഫ്ലക്സുകളും പോസ്റ്ററുകളും ഉൾപ്പെടെ മണ്ഡലത്തിലാകെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇതിനകം നടത്തിയിരിക്കുന്നത്. പ്രചാരണ പ്രവർത്തനത്തിനായി എൽഡി.എഫ് നേതൃത്വത്തിൽ സോഷ്യൽ മീഡിയാ, ഐടി സെല്ലും വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
നവംബർ 21 മുതൽ അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നു.
- നവംബർ 21 ചൊവ്വാഴ്ച രാവിലെ 7.30 : കൂട്ടയോട്ടം കേരള ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കും. വൈകീട്ട് 4 മണിക്ക് ടൗണ്‍ ഹാളിൽ മെഹന്തി ഫെസ്റ്റ് നടക്കും.
- നവംബർ 22ന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ചിത്രകാരന്‍മാരുടെ കൂട്ടായ്മ നേതൃത്വത്തിൽ ചിത്രം വരച്ച് വേറിട്ട പ്രചരണം നടത്തുന്നു. വൈകീട്ട് 5 മണിക്ക് വിദ്യാര്‍ത്ഥി – യുവജന വിളംബര ജാഥ ബൈക്ക് റാലി എന്നിവയും നടക്കും.
- നവംബർ 23ന് വ്യാഴാഴ്ച 3 മണിക്ക് മെഗാ നൃത്തശില്‍പം (തിരുവാതിരക്കളി, സംഗീതശിൽപ്പം). കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ.
- നവംബർ 24ന് വെള്ളിയാഴ്ച ഫ്ലാഷ് മോബും സംഘടിപ്പിക്കും.
