KOYILANDY DIARY.COM

The Perfect News Portal

അയര്‍ലൻറ് കണ്ണൂര്‍ സംഗമം ശനിയാഴ്ച

അയര്‍ലൻറിലെ കണ്ണൂര്‍ നിവാസികള്‍ ഒന്നിച്ച് കൂടുന്ന ‘കണ്ണൂര്‍ സംഗമ മഹോത്സവം’ ശനിയാഴ്ച നടക്കും. ഡബ്ലിനില്‍ നടക്കുന്ന കൂട്ടായ്മയില്‍ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികള്‍ സംഗമിക്കും. സംഗമത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു.

നൂറുകണക്കിന് ഫാമിലികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞെന്ന് കണ്ണൂര്‍ സംഗമം 2023 ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. സിബി സെബാസ്റ്റ്യന്‍ പറഞ്ഞു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുമെന്നും സംഘാടകരായ ഷിജോ പുളിക്കന്‍, ഷീന്‍ തോമസ് എന്നിവര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സണ്ണി ജോസഫ് എംഎല്‍എ, സജീവ് ജോസഫ് എംഎല്‍എ, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, സിനിമ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കണ്ണൂര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു. കൂടിച്ചേരല്‍ പരിപാടിക്ക് എല്ലാ വിധ ആശംസകളും അറിയിക്കുന്നതായി ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

Advertisements

 

ഡബ്ലിനിലെ Clanna Gael Fontenoy GAA Club ല്‍ വെച്ചാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ സംഗമം നടക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ മുന്‍ മന്ത്രി-യൂറോപ്യന്‍ യൂണിയന്‍ മെമ്പര്‍ ബാരി ആന്‍ഡ്രൂസ് എംപി മുഖ്യാതിഥിയാകും. മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാരും കൗണ്‍സിലേഴ്സും പരിപാടിയുടെ ഭാഗമാകും. രാവിലെ 9.30നാണ് രജിസ്ട്രേഷന്‍ തുടങ്ങുക.

 

സ്‌പോര്‍ട്‌സ് ഗെയിം മത്സരങ്ങള്‍ക്ക് ശേഷം പുരുഷ, വനിതാ വടംവലിയും ഉച്ചക്ക് 12 മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ മേളക്കാരായ Dew Dropsൻറെ ശിങ്കാരി മേളവും ഉണ്ടായിരിക്കും. മലയാള സിനിമയില്‍ ബാലതാരമായി അഭിനയിച്ച ശില്‍പ പുന്നൂസ്, ഷിനി സിബി തുടങ്ങി അയര്‍ലന്റിലെ പ്രമുഖ ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ പരിപാടിയുമുണ്ടാകും. കലാപരിപാടികള്‍ക്ക് ശേഷം യൂറോപ്പിലെ പ്രമുഖ മ്യൂസിക്കല്‍ ബ്രാന്‍ഡായ സോള്‍ ബീറ്റ്സ് ഒരുക്കുന്ന ഗാനമേളയും വിപുലമായ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.

 

കഴിഞ്ഞ 12 വര്‍ഷമായി കണ്ണൂര്‍ കമ്മ്യൂണിറ്റി ഇന്‍ അയര്‍ലന്റ് കൂട്ടായ്മ സംഗമം നടത്താറുണ്ട്. ബിനുജിത് സെബാസ്റ്റ്യന്‍, ജോയ് തോമസ്, പിന്റോ റോയി, നീന വിന്‍സന്റ്, അമല്‍ തോമസ്, സ്‌നേഹ, സുഹാസ് പൂവം, ബിജു ചീരന്‍ കുന്നേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇതിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share news