കേരളം ടൂറിസം നിക്ഷേപ സംസ്ഥാനമാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച ആദ്യ ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ടൂറിസം മേഖലയിൽ ഇടപെട്ട് ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതിൽ നിക്ഷേപകർ പങ്കാളികളാകണം.

ഇതിനായി ഏകജാലക ക്ലിയറൻസ് സംവിധാനവും നിക്ഷേപക സംഗമത്തിലെ ചർച്ചകളുടെ തുടർനടപടിക്കായി ഫെസിലിറ്റേഷൻ കേന്ദ്രവും രൂപീകരിച്ചു. നിക്ഷേപം സ്വീകരിക്കാൻ സമാനതകളില്ലാത്ത അടിസ്ഥാന സൗകര്യങ്ങളുണ്ട്. ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിൽനിന്ന് പ്രയോജനം ലഭിക്കും. നിക്ഷേപങ്ങൾ കരകൗശല, കൃഷി തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനം 2020ൽ 11,335.96 കോടി രൂപയായിരുന്നത് 2021ൽ 12,285.91 കോടിയായി. 2022-ൽ ഇത് 35,168.42 കോടിയായി ഉയർന്നു. ടൂറിസത്തിൽനിന്നുള്ള സംസ്ഥാന വിദേശനാണ്യ വരുമാനം 2022-ൽ 2792.42 കോടിയായിരുന്നു. കേരളത്തിലെ ജിഡിപിയുടെ 12 ശതമാനത്തോളം വിനോദസഞ്ചാര മേഖലയിൽനിന്നാണ്.

തൊഴിൽശക്തിയുടെ നാലിലൊന്ന് ടൂറിസം മേഖലയിലാണ്. കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി അവതരിപ്പിക്കും. ടൂറിസത്തിന് പുതിയ കാഴ്ചപ്പാട് നൽകാൻ ഏഴ് തനത് ടൂറിസം ഇടനാഴികളും വിഭാവനം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

