110 കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ തെരുവ് നായ്ക്കള്‍ കോഴിപ്പീടികയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് 110 കോഴികളെ കടിച്ചു കൊന്നു. മുത്താമ്പി അറുവയല്കുനി സിനാര്‍ മന്‍സിലില്‍ മുനീറിന്റെ എം.എം.കെ. കോഴി സ്റ്റാളിലെ കോഴികളെയാണ് കൊന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പതിനേഴോളം വരുന്ന നായക്കൂട്ടം കോഴിസ്റ്റാളിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കയറിയത്.
കോഴികളുടെ കരച്ചില് കേട്ട് ഓടിയെത്തിയ സമീപത്ത് ചായക്കട നടത്തുന്ന ശിവന് നേരെയും നായ്ക്കള്‍ കുരച്ചുചാടി. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇയാളെ നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കോഴികളെ ഒന്നടക്കം നായകള്‍ കടിച്ചു കൊന്നു. ചിലതിനെ പുറത്തേക്ക് കടിച്ചുവലിച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.

