മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക. കേരള സീനിയർ സിറ്റിസൺ ഫോറം
പേരാമ്പ്ര: മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം കോഴിക്കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ ഇ കെ ഗോവിന്ദൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് അധ്യക്ഷതവഹിച്ചു. പേരാമ്പ്ര എം എൽ എയും മുൻ എക്സൈസ് മന്ത്രിയുമായ ടി പി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

പതാക വന്ദനത്തിനു ശേഷം പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച വയോജനങ്ങളുടെ പ്രകടനം പേരാമ്പ്ര ടൗണിലൂടെ സമ്മേളന നഗരിയിൽ ഈ കെ ഗോവിന്ദൻ മാസ്റ്റർ നഗറിൽ പ്രവേശിപ്പിച്ചു. ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നായി 500 ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിച്ചു. മുതിർന്ന സംഘടനാ നേതാക്കളായ എം കെ സത്യപാലൻ മാസ്റ്റർ , ഷോപ്പിംഗ് ദാമോദരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു . ചെങ്ങോട്ടുകാവ് സീനിയർ സിറ്റിസൺ ഫോറത്തിന്റെ സംഗീത സായന്തനം ഗ്രൂപ്പ് സ്വാഗത ഗാനം ആലപിച്ചു.
സംഘടനാ നേതാക്കളായ മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ , സംസ്ഥാന വൈസ് പ്രസിഡൻറ് കെ വി ബാലൻ കുറുപ്പ്, സംസ്ഥാന സെക്രട്ടറി ടി ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, ബാലൻ കേളോത്ത്, ജില്ലാ പ്രസിഡന്റ് കെ രാജീവൻ, സെക്രട്ടറി സോമൻ ചാലിൽ ട്രഷറർ പി കെ രാമചന്ദ്രൻ നായർ ജില്ലാ ഭാരവാഹികളായ കെ എം ശ്രീധരൻ, ഇ സി ബാലൻ, കെ കെ ഗോവിന്ദൻ കുട്ടി മാസ്റ്റർ, ഇ കെ അബുബക്കർ മാസ്റ്റർ, കെ കെ ഉണ്ണീരിക്കുട്ടി കുറുപ്പ്, അച്ചു മാസ്റ്റർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മുതിർന്ന പൗരന്മാർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുക. വയോജന ക്ഷേമ പെൻഷൻ 5000 രൂപയാക്കി ഉയർത്തുക. വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉയർന്നു.ഈ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം യോഗത്തിൽ അംഗീകരിച്ചു.
