KOYILANDY DIARY.COM

The Perfect News Portal

ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു; ലോകാരോഗ്യസംഘടന തലവന്‍

ന്യൂഡല്‍ഹി: ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്. 

100ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഒരാളും സുരക്ഷിതരല്ലെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗാസയിലെ നാല് ആശുപത്രികള്‍ ഇസ്രായേല്‍ സേന വളഞ്ഞിരുന്നു. അല്‍ റന്‍തീസി കുട്ടികളുടെ ആശുപത്രി, അല്‍ നാസര്‍ ആശുപത്രി, സര്‍ക്കാര്‍ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്.

 

 ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതല്‍ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയിലേറെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും പ്രവര്‍ത്തനം നിര്‍ത്തി. പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements
Share news