മാവോയിസ്റ്റ് തിരുനൽവേലി സ്വദേശി അനീഷ് ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്റ്റ് തിരുനൽവേലി സ്വദേശി അനീഷ് ബാബുവിനെ (തമ്പി– 37) പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ആറു ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി എരമംഗലത്താണ് ഇയാൾ പിടിയിലായത്.

മാവോയിസ്റ്റുകൾക്കായി സന്ദേശങ്ങളും സിം കാർഡുകളും എത്തിക്കുന്ന ‘കൊറിയർ’ ആണ് അനീഷ് ബാബുവെന്ന് പൊലീസ് പറയുന്നു. മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി മുതൽ താഴേത്തട്ടിൽവരെ പ്രവർത്തിക്കുന്ന സന്ദേശവാഹകരാണ് കൊറിയർമാർ. ഇവർ ഓപ്പറേഷനുകളിൽ നേരിട്ട് പങ്കാളികളാകില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മുഖ്യകണ്ണികളാണ്.

ദക്ഷിണേന്ത്യയിലെ പ്രധാന കൊറിയറാണ് അനീഷ് ബാബുവെന്നാണ് പൊലീസ് നിഗമനം. മെയിൽ, ഡിജിറ്റൽ സംവിധാനങ്ങളൊന്നും ഉപയോഗപ്പെടുത്താതെ മനുഷ്യശേഷി മാത്രം ഉപയോഗിച്ച് പദ്ധതികൾ ഏകോപിപ്പിക്കുന്നത് കൊറിയർമാരാണ്. കാടുകളിലടക്കം കഴിയുന്ന മാവോയിസ്‌റ്റുകൾക്ക് രഹസ്യമായി വിവരങ്ങൾ കൈമാറുകയും പലയിടങ്ങളിലായി സഞ്ചരിച്ച് പ്രവർത്തനം രൂപപ്പെടുത്തുകയും ചെയ്യും. അനീഷ് ബാബു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ പലതവണ എത്തിയിട്ടുണ്ട്. പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് നിരീക്ഷിച്ചാണ് ബാബുവിനെ പിടികൂടിയത്.

തലപ്പുഴയിൽ ബുധനാഴ്‌ച ഏറ്റുമുട്ടലിലൂടെ പിടികൂടിയ മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരുമായുള്ള ബന്ധമാണ് അനീഷ് ബാബുവിൽനിന്ന് അന്വേഷകസംഘം തേടിയത്. കഴിഞ്ഞ മാസം എഡിജിപി അജിത്‌കുമാറിൻറെ നേതൃത്വത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്‌ത് മാവോയിസ്റ്റ് ഓപ്പറേഷന് രൂപം നൽകിയിരുന്നു. ഈ ഓപ്പറേഷനിലാണ് അനീഷ് ബാബുവിനെ പിടികൂടാനായത്.

